Wednesday, March 1, 2017

ശതാവരി അച്ചാർ

ശതാവരിക്കിഴങ്ങ് പറിക്കുമ്പോൾ ധാരാളം ഉണ്ടാകും. അത് അച്ചാറുണ്ടാക്കാനും സ്ക്വാഷുണ്ടാക്കാനും ഉപയോഗിക്കാം. അധികം വരുന്നവ ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. എന്റെ അമ്മ അച്ചാർ ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാം. ഈ അച്ചാർ ദഹന സംബന്ധമായ അസുഖങ്ങൾക്കും നല്ലൊരു ഔഷധമാണ്. 



ശതാവരി പറിക്കുന്ന സമയത്ത് അമ്മയത് നന്നായി കഴുകി രണ്ടിഞ്ച് നീളത്തിൽ മുറിക്കും. എന്നിട്ട്, ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കും. വെന്ത ശതാവരിക്കിഴങ്ങ് വെയിലത്തിട്ട് നന്നായി ഉണക്കും. രണ്ടോ മൂന്നോ ദിവസം ഉണക്കണം. ഉണങ്ങിയ കിഴങ്ങ് ഈർക്കിൽ പോലെയിരിക്കും. ഇത്, പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം. വർഷങ്ങളോളം ചീത്തയാകാതെയിരിക്കും.

ഇങ്ങിനെ ഉണക്കി വെച്ചിരിക്കുന്ന കിഴങ്ങ് - 100 ഗ്രാം
വെളുത്തുള്ളി - 15 - 20 എണ്ണം
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
കടുകുപരിപ്പ് - ഒരു ടേബിൾസ്പൂൺ
മുളകുപൊടി - ഒരു ടേബിൾസ്പൂൺ
വിനാഗിരി(കള്ളിൽ നിന്നുമുണ്ടാക്കുന്ന നാടൻ ചൊർക്കയാണ് അമ്മ ഉപയോഗിക്കുന്നത് )  - ഒന്നരക്കപ്പ്
ഉപ്പ് - പാകത്തിന്

എല്ലാ ചേരുവകളും കൂടെ ഒരു ഭരണിയിലോ കുപ്പിയിലോ ആക്കി നന്നായി ഇളക്കി വെക്കുക. ഒരാഴ്ച കൊണ്ട് കിഴങ്ങ് വിനിഗർ ആഗിരണം ചെയ്ത് മൃദുവാകും. വിനിഗർ ആവശ്യമെങ്കിൽ ഇടയ്ക്കിടെ ചേർത്തു കൊടുക്കണം.

ഈ അച്ചാർ ഏറെക്കാലം ചീത്തയാകാതെയിരിക്കും. ഈ അച്ചാറിലെ ദ്രാവകം, വയറുവേദന, ശർദ്ദിൽ തുടങ്ങിയവയ്ക്ക് നല്ലൊരു ഔഷധം കൂടിയാണ്.
















Monday, September 22, 2014

രുചിക്കൂട്ട് - കൂട്ടായ്മയുടെ രുചി



രുചികരമായി പാചകം ചെയ്യാൻ ശ്രമിക്കുന്ന ഏവർക്കും ഒരു സഹായി എന്ന നിലയിൽ , എളുപ്പത്തിലും ലളിതമായും തയ്യാറാക്കാവുന്ന പാചകക്കുറിപ്പുകളാണ് കൊച്ചുമോൾ കൊട്ടാരക്കരയും കുഞ്ഞൂസ് കാനഡയും ചേർന്ന് തയ്യാറാക്കി, കൊച്ചിയിലെ പീലി ബുക്ക്സ് പ്രസിദ്ധീകരിച്ച 'രുചിക്കൂട്ട്'  ....

മനസ്സിൽ നന്മ സൂക്ഷിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഒത്തുചേർന്ന് രൂപം കൊടുത്ത ഒരു ജീവകാരുണ്യദൗത്യം കൂടിയാണ് ഈ സംരംഭം. ഇതിന്റെ മുഴുവൻ വരുമാനവും ദുരിതബാധിതർക്കു വേണ്ടിയുള്ളതാണ്. സുമനസ്സുകളുടെ സജീവ പങ്കാളിത്തത്തിലൂടെ ചേർത്തിണക്കിയ മാനവികതയുടെ ഈ സ്നേഹവിഭവം ഏവർക്കും ആസ്വദിക്കാനാവുമെന്നതിന് സംശയമില്ല.



2014 ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് നടന്ന ബ്ലോഗ്ഗർ സംഗമത്തിൽ വെച്ച് കേരള വനിതാവികസന കോർപ്പറേഷൻ എം.ഡി ശ്രീ. സുനീഷ് 'രുചിക്കൂട്ട് ' പ്രകാശനം ചെയ്യുകയുണ്ടായി. സുപ്രസിദ്ധ ബ്ലോഗറും റിട്ടയേർഡ് ചീഫ്  മജിസ്ട്രേറ്റുമായ ശ്രീ. ഷെരീഫ് കൊട്ടാരക്കരയാണ് പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ മുഖവില 100 രൂപയാണ്. താഴെ കാണുന്ന അക്കൗണ്ട് നമ്പറിൽ പണമടച്ച് അൻവർ ഹുസ്സൈനുമായി ബന്ധപ്പെട്ടാൽ പുസ്തകം ലഭിക്കുന്നതാണ്.

ANWAR HUSSAIN H
SYSTEM ANALYST
KERALA PUBLIC SERVICE COMMISSION
THULASI HILL
PATTOM PALACE P.O
THIRUVANANTHAPURAM - 695 004
Ph: 9447024339

A/c No: 2791101010153
ANWAR HUSSAIN H
IFSC Code: CNRB0002791
CANARA BANK, PATTOM, TVM 



കുവൈറ്റിലും പരിസരപ്രദേശങ്ങളിലും ഉള്ളവർ ഈ ഫോണ്‍ നമ്പറിൽ വിളിച്ചാൽ മതി.

ദുബായിൽ പ്രഭൻകൃഷ്ണൻ, സമീരൻ അലി എന്നിവരേയും ഖത്തറിൽ മജീദ്‌ നാദാപുരം , നാമൂസ്, ഷാഹിദ ജലീൽ എന്നിവരേയും സൗദിയിൽ അജ്മത് , കൊമ്പൻ മൂസ (00966540406133) എന്നിവരേയും പുസ്തകത്തിനായി ബന്ധപ്പെടാവുന്നതാണ്. ജിദ്ദയിൽ എവിടെയാണെങ്കിലും എത്തിച്ചു തരുന്നതായിരിക്കും.

എല്ലാ നന്മ മനസ്സുകളുടെയും സ്നേഹപങ്കാളിത്തം പ്രതീക്ഷിക്കുന്നു...!





Tuesday, May 6, 2014

മത്തി(ചാള) വിവിധ രീതിയിൽ

 
നമ്മുടെ നാട്ടിൽ സുലഭമായ മത്തി വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ്. വിറ്റമിൻ ബി, ബി 12 എന്നിവയുടെ ഉറവിടമായ മത്തിയുടെ   ഉപയോഗം  നാഡിവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ   സഹായിക്കാൻ ഉതകുന്നു.  ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗം, അൽഷിമേഴ്സ് തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.  ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോടീൻ, കാത്സ്യം, വിറ്റമിൻ ഡി എന്നിവയാലും സമ്പുഷ്ടമായ മത്തി നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.   

 മത്തി പൊള്ളിച്ചത് 




ചേരുവകൾ: 
  • മത്തി വൃത്തിയാക്കിയത് - അരക്കിലോ 
  • ഉള്ളി അരിഞ്ഞത് - അരക്കപ്പ് 
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ടീസ്പൂണ്‍ 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -  ഒരു ടീസ്പൂണ്‍ 
  • കറിവേപ്പില - രണ്ടു തണ്ട് 
  • മഞ്ഞൾപ്പൊടി - അര ടീസ്പൂണ്‍ 
  • മുളകുപൊടി - ഒരു ടേബിൾസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • കട്ടിയുള്ള തേങ്ങാപ്പാൽ - അരക്കപ്പ് 
  • വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂണ്‍ 


പാകം ചെയ്യുന്ന വിധം:

അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി , ഒരു തണ്ട് കറിവേപ്പില എന്നിവ ഉപ്പും കാൽ സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഞെരടിത്തിരുമ്മി വെക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ബാക്കിയുള്ള വെളിച്ചെണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ തിരുമ്മി വെച്ചിരിക്കുന്ന ചേരുവകൾ നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തിയും തേങ്ങാപ്പാലും ചേർക്കുക. ചെറിയ തീയിൽ വേവിച്ചെടുക്കുക. തേങ്ങാപ്പാലിലെ എണ്ണ തെളിഞ്ഞു വറ്റണം. മസാല മീനിൽ പൊതിഞ്ഞിരിക്കണം. അടുപ്പിൽ നിന്നിറക്കി ബാക്കി കറിവേപ്പില മീതെയിട്ട് കുറച്ചു നേരം അടച്ചു വെച്ചതിനു ശേഷം ഉപയോഗിക്കാം.


മത്തി കട്ട്ലറ്റ് 


ചേരുവകൾ: 
  • വൃത്തിയാക്കിയ മത്തി - അരക്കിലോ 
  • തേങ്ങ ചിരകിയത് - അരക്കപ്പ്‌
  • ഉള്ളി - കാൽക്കപ്പ് 
  • പച്ചമുളക് - എട്ടെണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷണം 
  • കറിവേപ്പില - ഒരു തണ്ട് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന്  
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 
പാകം ചെയ്യുന്ന വിധം:

വൃത്തിയാക്കിയ മത്തിയുടെ നടുവിലുള്ള മുള്ള് എടുത്തു കളയുക. ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ തരുതരുപ്പായി അരയ്ക്കുക. ഒരു പാത്രത്തിൽ ഇട്ട് നന്നായി യോജിപ്പിച്ചതിനു ശേഷം ഓരോ ഉരുളകളായി എടുത്ത് കട്ട്ലറ്റ് രൂപത്തിലാക്കി ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക . 



മത്തിക്കറി


ചേരുവകൾ: 
  • വൃത്തിയാക്കിയ മത്തി - അരക്കിലോ 
  • ഉള്ളി വട്ടത്തിൽ ചെറുതായി അരിഞ്ഞത്  - കാൽക്കപ്പ് 
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • കുടമ്പുളി അഥവാ മീൻപുളി ചെറുതായി അരിഞ്ഞത് - അര ടേബിൾ സ്പൂണ്‍ 
  • കറിവേപ്പില - മൂന്നു തണ്ട് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍ 
  • മുളകുപൊടി - അര ടീ സ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • വെള്ളം - അരക്കപ്പ് 
പാകം ചെയ്യുന്ന വിധം:

മത്തിയും വെള്ളവും ഒഴികെയുള്ള ചേരുവകൾ ഒരു മണ്‍ചട്ടിയിലാക്കി കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.  അതിലേക്ക് മത്തിയും വെള്ളവും ചേർക്കുക. അടുപ്പിൽ വെച്ച് ചെറിയ തീയിൽ വെള്ളം വറ്റിച്ചു  വേവിച്ചെടുക്കുക. 

ഹൃദ്രോഗികൾക്ക് പറ്റിയ കറിയാണിത് .

Tuesday, March 4, 2014

ഒരു സോസിന്റെ ജന്മകഥ

അവധിദിവസത്തിന്റെ ആലസ്യത്തിൽ മടിപിടിച്ചിരിക്കുമ്പോഴാണ് ആലുടിക്കി ഉണ്ടാക്കിയാലോ എന്നു മോൾ ചോദിക്കുന്നത്. വായനയുടെ ഗൗരവത്തിൽ ആണെന്നു ധരിച്ചോട്ടെയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്,   കേൾക്കാത്ത ഭാവത്തിൽ കൈയിലിരുന്ന പുസ്തകത്തിലേക്ക് കണ്ണുംനട്ടിരുന്നു.  പക്ഷേ, അവൾ വിടുന്ന മട്ടില്ല.... ഹോ, അമ്മ അന്നുണ്ടാക്കിയ ആലുടിക്കിയുടെ സ്വാദ് , കൂട്ടുകാർ അതിനെക്കുറിച്ച് വർണിച്ചത് .... എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. അറ്റകൈക്ക് 'ഞാനൂടെ സഹായിക്കാം അമ്മാ...' എന്നു പറഞ്ഞ്   എന്നിലെ അമ്മയെ സെന്റിയാക്കി ....  

പിന്നെ, രണ്ടുപേരും കിച്ചണിലേക്ക് .... ഫ്രിഡ്ജ് തുറന്നുപിടിച്ച്, എന്തു വേണമെന്നറിയാതെ കുറച്ചു നേരം വെജിറ്റബിൾട്രേയിലേക്കു തുറിച്ചുനോക്കി നിന്നു... നോട്ടം ഭയന്നിട്ട് ഉരുളക്കിഴങ്ങും പച്ചമുളകും മെല്ലെ തക്കാളിയുടെ പിന്നിൽ ഒളിക്കാനൊരു ശ്രമം. എന്നെയാരും തൊടില്ലയെന്ന് തക്കാളിയിങ്ങനെ അഹങ്കാരത്താൽ ചുവന്നുതുടുത്ത് തലയുയർത്തിപ്പിടിച്ച് എന്നെയൊന്നു നോക്കി. അപ്പോഴാണ്‌ തക്കാളിയുടെ അഹങ്കാരത്തിൽ പരിഭ്രമിച്ച സോസിന്റെ കാലിയായ കുപ്പി നിലതെറ്റി വീഴാനാഞ്ഞത്.  



പിന്നെയൊന്നും ആലോചിച്ചില്ല, അഹങ്കാരിയായ തക്കാളിയെത്തന്നെ ആദ്യം പിടികൂടി. വെള്ളത്തിലിട്ട് കുളിപ്പിച്ചെടുക്കാൻ മോളെ ഏൽപ്പിച്ചു. ഏകദേശം ഒരു കിലോയോളം ഉണ്ടായിരുന്നു. കുക്കറിൽ വെച്ച് ഒരു നെലോളി പുറത്തേക്കു വരുന്നതുവരെ അടുപ്പിൽ വെച്ച് കത്തിച്ചു . ചൂടൊന്നാറിയപ്പോൾ എടുത്ത് അരിപ്പയിൽവെച്ച് നല്ലവണ്ണം തേച്ച് , അരിച്ചെടുത്തു.


എന്നിട്ട് ഒരു ചീനച്ചട്ടിയിലാക്കി വീണ്ടും അടുപ്പത്തുവെച്ചു. ഇത്തവണ കൂട്ടിനു ഒരു ടേബിൾസ്പൂണ്‍ മുളകുപൊടിയും ഒന്നരക്കപ്പ് പഞ്ചസാരയും അരക്കപ്പ് വിനാഗിരിയും ഓരോ ടീസ്പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും  ഉപ്പും എല്ലാം  ഉണ്ടായിരുന്നതുകൊണ്ട് തക്കാളിയുടെ അഹങ്കാരത്തിന് ചെറിയ ശമനമുണ്ടായിരുന്നു. അഞ്ചു കരയാമ്പൂവും രണ്ടു കറുവാപ്പട്ടയുംകൂടെ ഒരു കിഴികെട്ടി അതിലേക്ക് ഇട്ടുവെച്ചു. നന്നായി തിളച്ചുകുറുകിവന്നപ്പോൾ കിഴിയെടുത്തുമാറ്റി. കുറച്ചെടുത്ത് രുചിച്ചുനോക്കിയിട്ട്, 'ഉം, കൊള്ളാം' എന്ന് മോൾ തലകുലുക്കി.....



പിന്നെ, തണുത്തുകഴിഞ്ഞപ്പോ സോസിനെ കുപ്പിയിലാക്കി, ഭദ്രമായി, പൂട്ടി വെച്ചു.


Monday, June 24, 2013

നെല്ലിക്ക ഉപ്പിലിട്ടതും എളുപ്പത്തിൽ ഒരു ചമ്മന്തിയും

ഖത്തറിലുള്ള ബാച്ചിയായ സഹോദരന് വേണ്ടി ചില നുറുങ്ങുകൾ - നിങ്ങൾക്കും ഉപകാരപ്പെട്ടേക്കാം.


നെല്ലിക്ക ഉപ്പിലിടുന്ന സൂത്രപ്പണി : നെല്ലിക്ക വിലയനുസരിച്ച് ഒരു കിലോയോ അരക്കിലോയോ നിങ്ങളുടെ ഇഷ്ടം പോലെ വാങ്ങിയാൽ മതി ട്ടോ. ഞാനിവിടെ ഒരു കിലോ നെല്ലിക്ക ലാഭത്തിൽ കിട്ടിയപ്പോൾ വാങ്ങിയതാണ് . അതിനെ കഴുകി വൃത്തിയാക്കി രണ്ടു ടേബിൾ സ്പൂണ്‍ ഉപ്പും നികക്കെ വെള്ളവും ഒഴിച്ച് വേവിച്ചു. വെള്ളം തിളച്ചു, അഞ്ചു പത്തു മിനിട്ടിനുള്ളിൽ നെല്ലിക്ക വെന്തു കിട്ടും. ഇറക്കി വെച്ച് തണുക്കാൻ വെക്കുക. നന്നായി തണുത്തു കഴിയുമ്പോൾ ഭരണിയിലോ കുപ്പിയിലോ സൂക്ഷിക്കുക. നെല്ലിക്കയുടെ മേലെ വെള്ളം ഉണ്ടാവണം. അല്ലെങ്കിൽ പൂപ്പൽ ഉണ്ടാവും. നെല്ലിക്ക വേവിച്ച വെള്ളം തികഞ്ഞില്ലെങ്കിൽ  വേറെ വെള്ളം തിളപ്പിച്ചാറ്റി ഒഴിച്ചു വെക്കുക. നെല്ലിക്ക മാത്രമല്ല നാരങ്ങയും മാങ്ങയും ഒക്കെ ഇങ്ങിനെ ഉപ്പിലിട്ടു വെക്കാം. ഇത് കുറേ നാൾ കേടാകാതെയിരിക്കും. ഇതു കൊണ്ട് പലതരം കറികളും ഉണ്ടാക്കാം . കറിയുണ്ടാക്കാൻ മടിയാകുമ്പോൾ എളുപ്പത്തിൽ ഒരു ചമ്മന്തിയും ഉണ്ടാക്കാം .




ചമ്മന്തിയുണ്ടാക്കാൻ തേങ്ങയും മിക്സിയും ഒന്നും വേണ്ട . കുറച്ച് ഉള്ളി, പച്ചമുളക്, മുളകുപൊടി, വെളിച്ചെണ്ണ... ഇത്രേം മതി. പിന്നെ ഉപ്പിലിട്ട നെല്ലിക്കയും. എല്ലാം കൂടെ കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം. ഉപ്പു പോരായെന്ന് തോന്നിയാൽ ആവശ്യത്തിന് ചേർത്തോളൂ . എനിക്കൊരു വിരോധവുമില്ല . അവസാനം കൈ നക്കാൻ മറക്കരുത് ട്ടോ ... :)


Wednesday, June 12, 2013

നാരങ്ങ അച്ചാർ



ആവശ്യമുള്ള സാധനങ്ങൾ :

  • നാരങ്ങ - 250 ഗ്രാം 
  • ഇഞ്ചി നീളത്തിൽ മുറിച്ചത് - ഒരു ടീസ്പൂണ്‍ 
  • വെളുത്തുള്ളി നീളത്തിൽ മുറിച്ചത് - ഒരു ടീസ്പൂണ്‍
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - ഒരു ടീസ്പൂണ്‍ 
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂണ്‍ 
  • മുളകുപൊടി - 3 ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • വിനിഗർ - അര കപ്പ് 
  • എണ്ണ - അര ടീസ്പൂണ്‍ 
  • കടുക് - അര ടീസ്പൂണ്‍ 
  • ഉലുവ - അര ടീസ്പൂണ്‍ 
  • ഉണക്ക മുളക് - 3 / 4 
  • കറിവേപ്പില - ഒരു തണ്ട് 


പാകം ചെയ്യുന്ന വിധം :

നാരങ്ങ കഴുകി വെള്ളം തുടച്ചെടുത്ത് നാലായി മുറിക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി , മഞ്ഞൾപ്പൊടി , മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് രണ്ടു മണിക്കൂർ നേരമെങ്കിലും വെക്കണം. 

ചൂടായ പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ യഥാക്രമം കടുക് , ഉലുവ, ഉണക്കമുളക്, കറിവേപ്പില പൊട്ടിക്കുക . അതിലേക്ക് മിക്സ്‌ ചെയ്തു വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് വിനിഗറും ചേർത്ത് തിളപ്പിക്കുക. തിളക്കുമ്പോൾ തീ കുറച്ച് ,  നാരങ്ങ വേവിക്കുക. ഉപ്പ് പോരെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. നാരങ്ങ വെന്തു കഴിഞ്ഞാൽ ഇറക്കി വെച്ച് , തണുക്കുമ്പോൾ കുപ്പിയിൽ ആക്കുക . ഏറെ നാൾ കേടുകൂടാതെയിരിക്കും.
 ഇരിക്കുന്തോറും രുചി കൂടുകയും ചെയ്യും .

കാനഡയിലെ ആൽബർട്ടയിൽ ഉള്ള  പ്രിയ  സുഹൃത്ത്‌  കല്പനയ്ക്ക്  വേണ്ടി തയ്യാറാക്കിയത് 



Sunday, May 26, 2013

ബ്ലാത്തി അമ്പഴങ്ങ ചമ്മന്തി

ഓർമ്മകൾ ഓളങ്ങൾ...  

അങ്ങനെയിരിക്കെ ദോശ തിന്നാൻ ആശ കേറി... ഈ ആശയുടെ പിന്നിൽ 'ദോശക്കൂട്ടം' തന്നെ... ഒന്നു ചേർന്ന് കുറെ വർത്തമാനം പറയുക, ചിരിക്കുക... പുസ്തകങ്ങൾ ചർച്ച ചെയ്യുക, കൈമാറുക... ഒരു ദിവസത്തെ അർമാദം, അടുത്ത കുറെ ദിവസത്തേക്കുള്ള ഊർജ്ജമാണ് എല്ലാവർക്കും... പതിവുകേന്ദ്രം കപ്പലുവീടു തന്നെ... പ്രാതൽ മുതൽ ഒന്നിച്ചു കൂടാൻ, എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ... അഞ്ചപ്പാറിലേക്കോ  ശരവണഭവനിലേക്കോ ഓടാൻ... എല്ലാത്തിനും കപ്പലുവീടു തന്നെ സൗകര്യം... 
അങ്ങനെയങ്ങനെയുള്ള ഒരു മെയ്മാസത്തിൽ  നിർമ്മല എത്തിയത് ഞങ്ങൾ കാനഡക്കാർക്ക് അപൂർവ്വമായി കിട്ടുന്ന ഈ ബ്ലാത്തി അമ്പഴങ്ങയുമായാണ്... കൊതി മൂത്ത്, ആദ്യം വെറുതെ ഉപ്പും കൂട്ടിത്തിന്നു... പിന്നെയത്, ഉച്ചയൂണിനു ചമ്മന്തിയാക്കി... 


ചേരുവകൾ :

  • ബ്ലാത്തി  അമ്പഴങ്ങ - രണ്ട് / മൂന്ന് 
  • കൊച്ചുള്ളി / സവാള - അര കപ്പ്‌ 
  • മുളകുപൊടി - ഒരു ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ  - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:

ചെറുതായി മുറിച്ചെടുത്ത അമ്പഴങ്ങയും മറ്റു ചേരുവകളും ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക .  അധികം അരയരുത് . കല്ലിൽ വെച്ച് അരച്ചെടുത്താൽ സ്വാദു കൂടും ... കൈയും നക്കാം ... :)




Sunday, April 22, 2012

എളുപ്പത്തിലൊരു കടല സ്റ്റ്യൂ



കഴിഞ്ഞൊരു ദിവസം ഫേസ്ബുക്കില്‍ പച്ചവെളിച്ചം തെളിച്ചപ്പോള്‍ തന്നെ കുഞ്ഞേച്ചീ എന്ന വിളിയൊച്ചയോടെ ഒരു ജാലകം തുറന്നു വന്നു. നോക്കിയപ്പോള്‍ , നമ്മുടെ കൊട്ടില ...! ഫാക്ടറിക്കുള്ളില്‍ എവിടെയോ  ഫോണ്‍ നഷ്ടപ്പെട്ടു പോയ സങ്കടക്കടലില്‍ നിന്നുള്ള വിളിയല്ലേ ഒന്നെത്തി നോക്കി അങ്ങോട്ട്‌...... 

അപ്പോഴതാ, അവിടെ സങ്കടവുമില്ല കരച്ചിലുമില്ല... ( വിശപ്പിന്റെ മുന്നില്‍ അതൊക്കെ എങ്ങോ പോയീത്രെ ...:) കടല സ്റ്റ്യൂ എങ്ങിനെയാ ഉണ്ടാക്കുകയെന്നു ഒന്നെളുപ്പം പറഞ്ഞേ കുഞ്ഞേച്ചീ... കടല കുതിര്‍ത്തു വച്ചിരിക്കുന്നു, സവാളയും ഇഞ്ചിയും അരിഞ്ഞു വെച്ചിരിക്കുന്നു.... 

ഓ, അപ്പോഴതാണ് കാര്യം, കടല സ്റ്റ്യൂ, ...! എന്നാപിന്നെ ഇന്നത്തെ പാചകപരീക്ഷണം  ഓണ്‍ലൈനിലൂടെ ആകട്ടെയെന്നു വച്ചു.

ബിജൂ,  ആ കടല കുറച്ചു സവാളയും ഇഞ്ചിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വെക്കൂ... 

മെസേജ് വായിച്ച് ബിജു കമന്ററി നടത്തി... കൂടെയുള്ള മിടുക്കന്മാര്‍ കടല വേവിക്കാന്‍ വച്ചു.

ഇനി, ഒരു കാല്‍ ടീസ്പൂണ്‍   മഞ്ഞള്‍പ്പൊടിയും രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും അര ടീസ്പൂണ്‍ കുരുമുളകുപൊടിയും അല്‍പ്പം വെള്ളത്തില്‍ കുതിര്‍ത്തു വെക്കൂ, ഓണ്‍ലൈനിലൂടെ മെസേജ്  പറന്നു, അങ്ങ് റാസ് അല്‍ ഖൈമയിലെ ബിജുവിന്റെ അടുക്കളയിലേക്ക്...


"ഓക്കേ , പൊടികള്‍ ഒക്കെ ഇതാ വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്നു... കൂടെ കൂട്ടുകാരന്‍ വിയര്‍ത്തും കുതിര്‍ന്നു ...." മറുകുറിയെത്തി.


"ഇനിയെന്താ ചെയ്യേണ്ടേ?"

ഇനിയെന്താ ചെയ്യേണ്ടേ, ഞാനും ഒരു നിമിഷം തല പുകച്ചു. പിന്നെ അന്വേഷിച്ചു,

"അവിടെ തേങ്ങാപ്പാല്‍ കിട്ടാന്‍ വഴിയുണ്ടോ ബിജൂ...?"

"ആ, കോക്കനട്ട് മില്‍ക്ക് പൌഡര്‍ ഉണ്ട്, അത് മതിയാകുമോ...?" ബിജു വേവലാതിയോടെ ചോദിച്ചു.

"ശരി, പൌഡറെങ്കില്‍ പൌഡര്‍ , അത് ഒരു കപ്പ്‌ വെള്ളത്തില്‍ കലക്കി നല്ല കട്ടിയുള്ള പാല്‍ ഉണ്ടാക്കൂ... പിന്നെ, രണ്ടോ മൂന്നോ ഏലക്കയും പൊടിച്ചു വെച്ചോളൂ..."


"കുഞ്ഞേച്ചീ, വേഗം പറയൂ... വിശന്നിട്ടു വയ്യ ", ബിജുവിന് ക്ഷമ നശിച്ചു തുടങ്ങിയോ...

"എങ്കില്‍ വേഗം ഒരു പാന്‍ അടുപ്പില്‍ വെക്കൂ, എണ്ണയൊഴിക്കൂ , ബാക്കിയുള്ള സവാളയും ഇഞ്ചിയും പച്ചമുളകും എല്ലാം കൂടി ഇട്ടു വഴറ്റൂ, വഴന്നു വരുമ്പോള്‍ കുതിര്‍ത്തു വച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് നന്നായി മൊരിയിക്കൂ...  അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന കടല ചേര്‍ത്ത് തിളപ്പിക്കൂ... എന്നിട്ട് ഏലക്കാപ്പൊടി ചേര്‍ത്ത തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്സ്‌ ചെയ്തു ഇറക്കി വച്ചിട്ട്, ഒന്നോ രണ്ടോ തണ്ട് കറിവേപ്പില പൊട്ടിചിട്ടോളൂ ട്ടോ... "


ഹോ, ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.അല്ല, ഒറ്റ സ്ട്രെച്ചില്‍ ടൈപ്പ് ചെയ്തു തീര്‍ത്തു....


ഏതാനും നിമിഷം അപ്പുറത്ത് നിന്നും മെസേജ് ഒന്നും കാണുന്നില്ല... എന്ത് പറ്റിയോ ആവോ എന്ന  ചിന്തയില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു ബിജുവിന്റെ മെസേജ്,


"നന്ദി കുഞ്ഞേച്ചീ, ഇനി ഓടിപ്പോയി കഴിക്കട്ടെ " , പറഞ്ഞതും ബിജു ഓഫ്‌ലൈന്‍ ആയതും ഇമ ചിമ്മുന്ന വേഗതയിലായിരുന്നു.
.......................................................


അടുത്ത ദിവസം,


എനിക്കൊരു ഓഫ്‌ ലൈന്‍ മെസേജ് കിട്ടി... " കടല സ്റ്റ്യൂ വളരെ നന്നായിരുന്നു, പക്ഷേ, ഇച്ചിരി ഉപ്പു കൂടിപ്പോയി എന്നു മാത്രം...! :) "

ഭാഗ്യം, എന്റെ പരീക്ഷണം വിജയകരമായി. ബിജുവും കൂട്ടുകാരും ഇപ്പോഴും ഇവിടെയൊക്കെയുണ്ട് . അതിനാല്‍ , നിങ്ങള്‍ക്കും ഈ കടല സ്റ്റ്യൂ പരീക്ഷിക്കാം.



പ്ലീസ് നോട്ട്: ബിജു ഫോട്ടോ തന്നില്ല... മൊബൈല്‍ കളഞ്ഞു പോയത് കൊണ്ടാണെന്ന് ന്യായീകരണം പറഞ്ഞത് കൊണ്ട്, ഗൂഗിളില്‍ നിന്നൊരണ്ണം അടിച്ചു മാറ്റി ഇവിടെ ചേര്‍ത്തു. 





Monday, February 27, 2012

ചെമ്മീന്‍ പുട്ട്

ചെമ്മീന്‍ പുട്ട് 



ചേരുവകൾ:
  • വറുത്ത അരിപ്പൊടി - ഒരു കപ്പ്‌
  • തേങ്ങപ്പീര - ഒരു കപ്പ്‌  
  • ഉപ്പ് - പാകത്തിന് 
  • വെള്ളം - പൊടി നനക്കാന്‍ ആവശ്യത്തിന്
  • വൃത്തിയാക്കിയ ചെമ്മീന്‍ - അര കപ്പ്‌
  •  സവാള  - ഒരെണ്ണം  
  •  തക്കാളി   - ഒരെണ്ണം   
  • വെളുത്തുള്ളി - മൂന്നോ നാലോ അല്ലി
  • ഇഞ്ചി - ഒരിഞ്ചു നീളത്തില്‍ 
  • പച്ചമുളക് - ഒന്ന്
  •  മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍
  • മുളകുപൊടി - അര ടീസ്പൂണ്‍ 
  • ഗരം മസാല - അര ടീ സ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • മല്ലിയില -  
  • കറിവേപ്പില -  കുറച്ച് 
  • എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍ 
പാകം ചെയ്യുന്ന വിധം :

അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി.

സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക . ചൂടായ  എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്നവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം ചെമ്മീനും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് , മൂടി വെച്ച് വേവിക്കുക. ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക .  മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പ്പസമയം അടച്ചു വെക്കുക. 

ഇനി പുട്ടുകുറ്റിയില്‍ നനച്ചു വെച്ചിരിക്കുന്ന അരിപ്പൊടി ഇടുക. പുട്ടിനു പീര പോലെ എന്ന പ്രയോഗം മാറ്റി , പുട്ടിനു ചെമ്മീന്‍ പോലെ എന്നാക്കിക്കോളൂ... എന്നിട്ട് ആവി കേറ്റി എടുത്തോളൂ, വേറെ കറിയൊന്നും വേണ്ട ഈ പുട്ടിന്...! 

പി.എസ് : ഇത് ഓരോരുത്തരുടെയും മനോധര്‍മമനുസരിച്ച് പല വിഭവങ്ങള്‍ കൊണ്ടും പരീക്ഷിക്കാം. ഞാന്‍ സാധാരണയായി ചെമ്മീന്‍ , മുട്ട, ചിക്കന്‍ , പലതരം പച്ചക്കറികള്‍ , പപ്പടം അങ്ങിനെ പലരീതിയിലും ഉണ്ടാക്കാറുണ്ട് . 


Tuesday, April 19, 2011

ചോറുവിഭവങ്ങള്‍ - (2)

  1. ജീരക ചോറ് 

ആവശ്യമുള്ള സാധനങ്ങള്‍ : 
  • അരി - ഒരു കപ്പ്‌(ബസ്മതിയോ പച്ചരിയോ ഉപയോഗിക്കാം) 
  • വെള്ളം - രണ്ടു കപ്പ്‌ 
  • ജീരകം - രണ്ടു ടീസ്പൂണ്‍ 
  • ഏലക്ക - ഒരെണ്ണം 
  • കുരുമുളക് - പത്തെണ്ണം   
  • വഴനയില - രണ്ടെണ്ണം 
  • എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍  
  • ഉപ്പ്‌ - പാകത്തിന്    
പാകം ചെയ്യുന്ന വിധം: 

അരി പതിനഞ്ചു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.ശേഷം കഴുകി വാരി വെള്ളം തോരാന്‍ വെക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ യൊഴിക്കുക. ചൂടായ എണ്ണയില്‍ വഴനയില, ഏലക്ക,കുരുമുളക്,ജീരകം എന്നിവ യഥാക്രമം ചേര്‍ക്കുക.അതിലേക്കു അരി ചേര്‍ത്ത് ഒന്ന് വഴറ്റി വെള്ളവും ഉപ്പും ചേര്‍ക്കുക.പാത്രം അടച്ചു വെച്ച് വേവിക്കുക. ഏകദേശം ഒരു പത്തു മിനിറ്റ് മതിയാകും അരി വെന്തു കിട്ടാന്‍ പരിപ്പ് കറി, അച്ചാര്‍ , പപ്പടം എന്നിവ കൂട്ടി കഴിക്കാം.

 2.കിച്ചടി  

ആവശ്യമുള്ള സാധനങ്ങള്‍ :
  • അരി - രണ്ടു കപ്പ്‌
  • തുവരപ്പരിപ്പ് - ഒരു കപ്പ്‌ 
  • കരയാമ്പൂ - 4 എണ്ണം  
  • കറുവപ്പട്ട - ഒരിഞ്ചു നീളത്തില്‍ ഒരു കഷണം 
  • ഏലക്ക - 4  എണ്ണം 
  • സവാള - രണ്ടെണ്ണം  
  • തക്കാളി - നാലെണ്ണം 
  • പച്ചമുളക് - രണ്ടെണ്ണം 
  • മല്ലിയില - നാലോ അഞ്ചോ തണ്ട് 
  • പുതിനയില - 8 - 10  
  • കറിവേപ്പില - ഒരു തണ്ട്  
  • വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്പൂണ്‍  
  • ഇഞ്ചി അരച്ചത്‌ - ഒരു ടീസ്പൂണ്‍  
  • ഉപ്പ് - പാകത്തിന്  
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്  
  • വെള്ളം - 3 കപ്പ്‌ 
  • എണ്ണ - 3 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:  

പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചു വെക്കുക.  ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, കരയാമ്പൂ, ഏലക്ക എന്നിവ പൊട്ടിക്കുക. തുടര്‍ന്ന് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോള്‍ നെടുകെ നീളത്തില്‍ മുറിച്ച പച്ചമുളകും കറിവേപ്പിലയും പുതിനയിലയും കുറച്ചു മല്ലിയിലയും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. അതിലേക്കു അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റി,അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ഉപ്പും ചേര്‍ക്കുക. കഴുകി വച്ചിരിക്കുന്ന അരിയും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി വെള്ളവും വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേര്‍ത്ത് , ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക. ചൂടോടെ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് വിളമ്പുക.അരി വേവിക്കുമ്പോള്‍ ഒന്നോ രണ്ടോ കഷണം എല്ലോടു കൂടിയ ചിക്കന്‍  അല്ലെങ്കില്‍ മട്ടണ്‍ ചേര്‍ത്താല്‍ നല്ല രുചിയുണ്ടാവും ...! 

Friday, February 18, 2011

ചോറ് വിവിധ രുചിയിലും എളുപ്പത്തിലും

1.   തേങ്ങാ സാദം 

ആവശ്യമുള്ളവ:
 
  • പച്ചരി/ബസ്മതി അരി   - 2 കപ്പ്‌
  • തേങ്ങ ചിരകിയത്  - അര കപ്പ്‌
  • നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
  • ഉഴുന്നുപരിപ്പ് - അര ടീസ്പൂണ്‍
  • കടുക് - കാല്‍ ടീസ്പൂണ്‍
  • ഉണക്കമുളക് - രണ്ടെണ്ണം
  • കറിവേപ്പില - ഒരു തണ്ട്
  • ഉപ്പ് - പാകത്തിന്
  • കായപ്പൊടി - രണ്ടു നുള്ള്

തയ്യാറാക്കുന്ന വിധം: 

 അരി പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ചു വെക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിക്കുക. കടുക്, ഉഴുന്ന്, ഉണക്കമുളക്, കറിവേപ്പില, കായപ്പൊടി എന്നിവ യഥാക്രമം വഴറ്റുക. അതിലേക്കു തേങ്ങ ചേര്‍ത്ത് നിറം പോകാതെ വറുക്കുക.  വേവിച്ചു വച്ചിരിക്കുന്ന ചോറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക. ചൂടോടെ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.

      പിന്കുറിപ്പ് : വറുത്ത നിലക്കടല,കശുവണ്ടി, ഗ്രീന്‍പീസ് തുടങ്ങിയവയും ചേര്‍ക്കാവുന്നതാണ്.


    2 .തൈര് സാദം




    ആവശ്യമുള്ളവ:

    • വേവിച്ച ചോറ്  - 2 കപ്പ്‌  
    • അധികം പുളിക്കാത്ത തൈര് - ഒരു കപ്പ്‌
    • പാല്‍ - കാല്‍ കപ്പ്‌
    • പച്ചമുളക് -രണ്ടെണ്ണം(ചെറുതായി വട്ടത്തില്‍ അരിഞ്ഞെടുക്കുക)
    • ചെറിയ ഉള്ളി - മൂന്നോ നാലോ (ചെറുതായി അരിഞ്ഞെടുക്കുക) 
    • ഇഞ്ചി - ഒരു ചെറിയ കഷണം (ചെറുതായി കൊത്തിയരിയുക)
    • കടലപ്പരിപ്പ് - ഒരു ടീസ്പൂണ്‍ 
    • ഉഴുന്ന് - ഒരു ടീസ്പൂണ്‍ 
    • കടുക് - അര ടീസ്പൂണ്‍ 
    • കറിവേപ്പില - ഒരു തണ്ട് 
    • ഉപ്പ് - പാകത്തിന് 
    • എണ്ണ - 2 ടേബിള്‍സ്പൂണ്‍
      തയ്യാറാക്കുന്ന വിധം:


      ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക്, ഉഴുന്ന്, കടലപ്പരിപ്പ് , ഉണക്കമുളക്, കറിവേപ്പില എന്നിവ യഥാക്രമം വറുക്കുക. അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അടുപ്പത്ത്‌ നിന്നും ഇറക്കി വച്ചതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും, തൈരും പാലും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടെയോ തണുപ്പിച്ചോ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.
                                                                                                                                                           

        Sunday, January 23, 2011

        സ്നാക്ക്സ് വിഭവങ്ങള്‍


        1. ഉരുളക്കിഴങ്ങ് ബോണ്ട
        വേണ്ട സാധനങ്ങള്‍ :
        • വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് - രണ്ടെണ്ണം 
        • ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
        •  ചെറുതായി നുറുക്കിയ പച്ചമുളക് - ഒന്നോ രണ്ടോ (എരിവു അനുസരിച്ച് )
        • ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട് 
        • മുളകുപൊടി - 1/4 ടീസ്പൂണ്‍ 
        • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
        • ഗരംമസാലപ്പൊടി -  1/4 ടീസ്പൂണ്‍ 
        • കടലമാവ് - ഒരു കപ്പ്‌ 
        • ഉപ്പ് - ആവശ്യത്തിന്‌
        • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌ 
        തയ്യാറാക്കുന്ന വിധം:
        വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്ക് സവാള, പച്ചമുളക്,മല്ലിയില,അല്പം മുളകുപൊടി,ഗരംമസാലപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
        മറ്റൊരു പാത്രത്തില്‍ കടലമാവ് , ഉപ്പ്, മഞ്ഞള്‍പ്പൊടി,അല്പം മുളകുപൊടി എന്നിവയെടുത്തു കുറച്ചു വെള്ളവും ചേര്‍ത്തു, കുഴമ്പു പരുവത്തില്‍ മിശ്രിതം(ബാറ്റര്‍ ) ഉണ്ടാക്കുക.
        ഉരുളക്കിഴങ്ങ് മിശ്രിതത്തില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കിയെടുത്ത്, ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ടു ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക.
        ചൂടോടെ ചട്നി കൂട്ടിയോ അല്ലാതെയോ വിളമ്പാവുന്നതാണ്.   


        2 .ബ്രെഡ്‌ റോള്‍സ് 
        വേണ്ട സാധനങ്ങള്‍ :
        • വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ,കാരറ്റ് - ഒരു കപ്പ്‌
        • വേവിച്ച പട്ടാണി പയര്‍ (ഗ്രീന്‍പീസ്) - കാല്‍ കപ്പ്‌
        • ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
        • ചെറുതായി നുറുക്കിയ പച്ചമുളക് - രണ്ടെണ്ണം
        • ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട്
        • മുളകുപൊടി - കാല്‍ ടീസ്പൂണ്‍
        • ഗരംമസാലപ്പൊടി - കാല്‍ ടീസ്പൂണ്‍ 
        • ഉപ്പ് - പാകത്തിന് 
        • ബ്രെഡ്‌ കഷണങ്ങള്‍ - 8 - 10 എണ്ണം 
        • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌ 
         തയ്യാറാക്കുന്ന വിധം:
        ബ്രെഡ്‌ ഒഴിച്ചുള്ള ചേരുവകള്‍ എല്ലാം ഒന്നിച്ചാക്കി യോജിപ്പിക്കുക.
        ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്തു , ഓരോ ബ്രെഡ്‌ കഷണങ്ങളും അതില്‍ മുക്കി നന്നായി പിഴിഞ്ഞെടുക്കുക. ബ്രെഡ് കുതിര്‍ന്ന് കിട്ടാന്‍ വേണ്ടിയാണു അങ്ങിനെ ചെയ്യുന്നത്.
        ഓരോ സ്പൂണ്‍ ഉരുളക്കിഴങ്ങ് മിശ്രിതം എടുത്തു ഓരോ ബ്രെഡ്‌ കഷണത്തിലും വെച്ച് റോള്‍ ചെയ്തു എടുത്തു അരികുകള്‍ വിരലുകള്‍ കൊണ്ടമര്‍ത്തി ഒട്ടിക്കുക.
        നല്ലവണ്ണം ചൂടായ എണ്ണയില്‍ റോളുകള്‍ ഇട്ടു തീ അല്പം കുറച്ചു വച്ചു വറുത്തെടുക്കുക.
        ചൂടോടെ ചട്നി, സോസ് എന്നിവ കൂട്ടി കഴിക്കാവുന്നതാണ്.

        കുറിപ്പ്: ഉരുളക്കിഴങ്ങ് മിശ്രിതത്തിനു പകരം,ചിക്കന്‍,ബീഫ്,ചെമ്മീന്‍ തുടങ്ങി  അധികം വന്ന മെഴുക്കുപുരട്ടിയും തോരനും വരെ ഇതില്‍ ഫി‌ല്ലിങ്ങായി  ഉപയോഗിക്കാവുന്നതാണ്.

        Saturday, November 20, 2010

        മിക്സഡ്‌ ഫ്രൈഡ് റൈസും ചില്ലി ചിക്കനും

        മിക്സഡ്‌ ഫ്രൈഡ് റൈസ്


        ആവശ്യമുള്ള സാധനങ്ങള്‍

        1 . ബസ്മതി അരി - 4 കപ്പ്‌
        2 . ബോണ്‍ലെസ്സ് ചിക്കന്‍ - അര കപ്പ്‌
        3 . കൊഞ്ച് (ചെമ്മീന്‍ ) - അര കപ്പ്‌
        4 . മുട്ട - രണ്ടെണ്ണം
        5 . കാരറ്റ് നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
        6 . ബീന്‍സ്‌ നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
        7 . സെലറി നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
        8 . സോയ സോസ് - ഒരു വലിയ സ്പൂണ്‍
        9 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒന്നര ക്യൂബ്
        10 . ഉപ്പ് - ആവശ്യത്തിന്
        11 . കുരുമുളക് പൊടി - ഒന്നര ടീസ്പൂണ്‍

        പാകം ചെയ്യുന്ന വിധം

        അരി കഴുകി പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചു വാര്‍ത്തു വെക്കുക.ചിക്കന്‍ ഒരിഞ്ചു നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ചു,ഉപ്പും കുരുമുളക് പൊടിയും മിക്സ്‌ ചെയ്തു ഫ്രൈ ചെയ്തു വെക്കുക. കൊഞ്ചും കഴുകി വൃത്തിയാക്കി ഉപ്പും കുരുമുളക് പൊടിയും പുരട്ടി വറുത്തെടുക്കുക. മുട്ടയും ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഉടച്ചു വറുത്തെടുക്കുക.കാരറ്റ്, ബീന്‍സ്‌ എന്നിവയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചു വെക്കുക.

        ഒരു വലിയ പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍,സോയ സോസും ടേസ്റ്റ് മേക്കര്‍ പൊടിച്ചതും ചേര്‍ക്കുക.സ്റ്റവ്‌ ഓഫ്‌ ചെയ്യുക.   അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറ് കുറേശ്ശെ ഇട്ടു മിക്സ്‌ ചെയ്യുക.(തണുത്ത ചോറാണ് മിക്സ്‌ ചെയ്യാന്‍ നല്ലത്).ഇടയ്ക്കിടെ വറുത്തു വച്ചിരിക്കുന്ന , ചിക്കന്‍, കൊഞ്ച്,മുട്ട, പച്ചക്കറികള്‍ എന്നിവയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.സ്റ്റവില്‍ നിന്നും ഇറക്കി വെക്കുക.അരിഞ്ഞു വച്ചിരിക്കുന്ന സെലറി മീതെ തൂവുക.

        കുറിപ്പ് - സോയ സോസിലും ടേസ്റ്റ് മേക്കറിലും ഉപ്പുള്ളതിനാല്‍, മറ്റുള്ളവയില്‍ വളരെ കുറച്ചു ഉപ്പ് ചേര്‍ത്താല്‍ മതി.


        ചില്ലി ചിക്കന്‍

        ആവശ്യമുള്ള സാധനങ്ങള്‍

        1 . ബോണ്‍ലെസ്സ് ചിക്കന്‍ ചെറിയ ക്യുബുകള്‍ ആയി മുറിച്ചത് - അരക്കിലോ
        2 . സവാള  - രണ്ടെണ്ണം (ക്യുബ് ആയി മുറിക്കുക)
        3 . ക്യാപ്സിക്കം (ഗ്രീന്‍ പെപ്പെര്‍)  - ഒരെണ്ണം (ക്യുബ് ആയി മുറിക്കുക)
        4 . രണ്ടിഞ്ചു നീളത്തില്‍  ഇഞ്ചി -  നീളത്തില്‍ നേരിയതായി അരിഞ്ഞത്
        5 . വെളുത്തുള്ളി  - അഞ്ചോ ആറോ (നീളത്തില്‍ നേരിയതായി അരിയുക)
        6 . സെലറി - രണ്ടു മൂന്നു തണ്ട് (ഒരിഞ്ചു നീളത്തില്‍ മുറിച്ചു വെക്കുക)
        7 . പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - നാലോ അഞ്ചോ എണ്ണം
        8 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒരു ക്യുബ്
        9 . ചിക്കന്‍ ബ്രോത് - ഒരു കപ്പ്‌
        10 . സോയ സോസ് - രണ്ടു ടേബിള്‍ സ്പൂണ്‍
        11 . ചില്ലി സോസ്, കെച്ചപ്പ് - ഓരോ ടേബിള്‍ സ്പൂണ്‍ വീതം
        12 . എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
        13 . ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍ - കോണ്‍ഫ്ലോര്‍ അര കപ്പ്‌, സോയ സോസ് അര സ്പൂണ്‍, ഒരു മുട്ട,അല്പം ഉപ്പ്  - ഇവയെല്ലാം കൂടെ നന്നായി യോജിപ്പിച്ച് ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടെ ചേര്‍ത്ത് ബാറ്റെര്‍ ഉണ്ടാക്കി ചിക്കന്‍ അതില്‍ മിക്സ്‌ ചെയ്തു കുറഞ്ഞത്‌ അര മണിക്കൂര്‍ എങ്കിലും മാരിനേറ്റു ചെയ്യാന്‍ വെക്കുക   
        പാകം ചെയ്യുന്ന വിധം

         പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക.ചൂടായ എണ്ണയില്‍ മാരിനേറ്റു ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന  ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവയും വറുത്തു കോരിയെടുക്കുക.ഇതേ എണ്ണയില്‍ തന്നെ സവാള വഴറ്റുക.വഴന്നു വരുമ്പോള്‍ കാപ്സിക്കം ചേര്‍ത്ത് ഒന്നുകൂടെ വഴറ്റി,ടേസ്റ്റ് മേക്കര്‍ ചേര്‍ക്കുക.എരിവു വേണമെന്നുണ്ടെങ്കില്‍ അല്പം മുളകുപൊടിയും ചേര്‍ക്കാവുന്നതാണ്.എന്നാല്‍ മുളക്  നന്നായി വഴറ്റണം .അതിലേക്കു സോസുകളും വറുത്തു വച്ചിരിക്കുന്ന ചിക്കനും ഇഞ്ചിയും മറ്റും ചേര്‍ത്ത്,ആവശ്യത്തിന് ചിക്കന്‍ ബ്രോതും ചേര്‍ത്ത് നന്നായി തിളപ്പിച്ച്‌ കുഴഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി അരിഞ്ഞു വച്ചിരിക്കുന്ന സെലറി തൂവി അലങ്കരിക്കുക.
        (ഡ്രൈ ആയ ചില്ലി ചിക്കന്‍ ആണ് വേണ്ടതെങ്കില്‍ ബ്രോത് ചേര്‍ക്കേണ്ട. നന്നായി വരട്ടി എടുത്താല്‍ മതി)

        (ഭൂലോകത്തിലെ കൂട്ടുകാരിയായ മായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഈ പാചകക്കുറിപ്പ് , ബൂലോകത്തിലെ കൂട്ടുകാരോടും പങ്കുവെക്കുന്നു.)

        Monday, April 12, 2010

        തൈരു വിഭവങ്ങള്‍

        എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില തൈരു വിഭവങ്ങള്‍....

        1 . പച്ചടി

        ആവശ്യമുള്ള സാധനങ്ങള്‍

        1 . കാരറ്റ് ചീകിയത് - ഒരു കപ്പ്‌
        2 . സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്‌
        3 . പച്ചമുളക് ചെറുതായി അരിഞ്ഞത് - രണ്ടോ മൂന്നോ
        4 . തൈര്‍ - ഒരു കപ്പ്‌
        5 . ഉപ്പ് - പാകത്തിന്
        വറുത്തിടാന്‍ കടുക്, ഉണക്കമുളക്,കറിവേപ്പില എന്നിവയും വേണം.

        ഉണ്ടാക്കുന്ന വിധം

        ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി നന്നായി മിക്സ്‌ ചെയ്യുക. അതിലേക്കു കടുക്, ഉണക്കമുളക്,കറിവേപ്പില എന്നിവ വറുത്തിടുക.

        കുറിപ്പ് : കാരറ്റിനു പകരം ബീട്രൂറ്റ്,മുള്ളങ്കി,വാഴപ്പിണ്ടി മുതലായവും ഉപയോഗിക്കാവുന്നതാണ്.

        2 . തൈരു കറി

        ആവശ്യമുള്ള സാധനങ്ങള്‍

        1 . തൈര്‍ - ഒരു കപ്പ്‌
        2 . സവാള പൊടിയായി കൊത്തിയരിഞ്ഞത്‌ - ഒരെണ്ണം
        3 . പച്ചമുളക് ചെറുതായി അരിഞ്ഞത് - മൂന്നോ നാലോ
        4 . ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരിഞ്ചു നീളത്തിലെ ഒരു കഷണം
        5 . വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒന്നോ രണ്ടോ
        6 . തക്കാളി ചെറുതായി അരിഞ്ഞത് - ഒരെണ്ണം
        7 . മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
        8 . മുളകുപൊടി - 1/2 സ്പൂണ്‍
        9 . ഉപ്പ് - പാകത്തിന്
        10 . വെള്ളം - അര കപ്പ്‌
        11 . പാചകയെണ്ണ - 1 ടേബിള്‍സ്പൂണ്‍ 
        12 . കടുക് -  1/4 സ്പൂണ്‍      

        ഉണ്ടാക്കുന്ന വിധം

        ചൂടായ ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് ഇടുക.കടുക് പൊട്ടിയാലുടന്‍, അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നാലുടന്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ക്കുക. തിളച്ചു കഴിയുമ്പോള്‍ ഇറക്കി വച്ച് ഒന്ന് തണുത്തതിനു ശേഷം തൈര്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

        (ശ്രദ്ധിക്കുക: തിളച്ച ചൂടോടെ തൈര്‍ ചേര്‍ത്താല്‍ പിരിഞ്ഞു പോകും.)

        Wednesday, January 20, 2010

        ബാച്ചിലേര്‍സ് കോര്‍ണര്‍ - തുടര്‍ച്ച

        മാങ്ങച്ചമ്മന്തി

         ചേരുവകള്‍
        പച്ചമാങ്ങ - 2
        ഉള്ളി - അര കപ്പ്‌
        മുളകുപൊടി - 1/2 സ്പൂണ്‍
        ഉപ്പ് - പാകത്തിന്
        വെളിച്ചെണ്ണ - ഒരു സ്പൂണ്‍

        പാകം ചെയ്യുന്ന വിധം


        വെളിച്ചെണ്ണയൊഴിച്ചുള്ള  ചേരുവകള്‍ എല്ലാം കൂടെ മിക്സിയിലോ അമ്മിയിലോ നന്നായി അരക്കുക.വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

        നാരങ്ങ ഉപ്പിലിട്ടത്‌
        ചേരുവകള്‍
        ചെറുനാരങ്ങ - 10, 15
        തിളപ്പിച്ചാറ്റിയ വെള്ളം - ആവശ്യത്തിന്
        ഉപ്പ് - പാകത്തിന്

        പാകം ചെയ്യുന്ന വിധം
        ഒരു കുപ്പിയിലോ ഭരണിയിലോ കഴുകി തുടച്ച ചെറുനാരങ്ങ ഇട്ടുവെക്കുക.  തിളപ്പിച്ചാറ്റിയ വെള്ളം ഉപ്പും ചേര്‍ത്ത്,  നികക്കെ ഒഴിക്കുക. രണ്ടാഴ്ചക്കു ശേഷം നാരങ്ങ ഉപയോഗിക്കാം.

        ഒരു നാരങ്ങയും കുറച്ചു ഉള്ളി അരിഞ്ഞതും അല്പം വെളിച്ചെണ്ണയും മുളകുപൊടിയോ കാന്താരി മുളകോ ചേര്‍ത്ത് നന്നായി ഞെരടി ഉപയോഗിക്കാവുന്നതാണ്.

        വാല്‍കഷണം: നാരങ്ങ പിഴിഞ്ഞ തൊണ്ട് കളയാതെയും ഇപ്രകാരം ഉപ്പിലിട്ടു വച്ച് ഉപയോഗിക്കാം.അതിനായി, ഒരു കുപ്പിയിലോ ഭരണിയിലോ തിളപ്പിച്ചാറ്റിയ വെള്ളം ഉപ്പും ചേര്‍ത്തു പാതി നിറക്കുക. ഓരോ തവണയും നാരങ്ങ പിഴിഞ്ഞതിനു ശേഷം  തൊണ്ട് ഇതിലേക്ക് ഇട്ടു വെക്കാം. ഒന്ന് രണ്ടാഴ്ച കൊണ്ട് പാകമായി കിട്ടും.

        എളുപ്പത്തില്‍ ഉപ്പുമാങ്ങ ഉണ്ടാക്കാം

        മാങ്ങ കൂടുതല്‍ കിട്ടുമ്പോള്‍ വാങ്ങി കഴുകി, ഒരു വലിയ പാത്രത്തില്‍ മാങ്ങയും വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. മാങ്ങ വെന്തു വരുമ്പോള്‍ ഇറക്കി വച്ച്,തണുക്കുമ്പോള്‍ കുപ്പിയിലോ ഭരണിയിലോ ഇട്ടു വെക്കാം.കുറെനാള്‍ കേടാകാതെ ഇരിക്കും. ആവശ്യത്തിന് ഓരോന്ന് എടുത്തുപയോഗിക്കാം.

        മാങ്ങയും ഉള്ളിയും മുളകുപൊടി അല്ലെങ്കില്‍ കാന്താരിമുളകും വെളിച്ചെണ്ണയും ചേര്‍ത്തു ഞെരടി എടുത്താല്‍ ചോറിനു വേറെ കറി വേണ്ട.

        Tuesday, January 12, 2010

        ബാച്ചിലേര്‍സ് കോര്‍ണര്‍

        ബാച്ചിലേര്‍സിനു എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില വിഭവങ്ങളുടെ കുറിപ്പുകള്‍

        1. മുട്ട തിളപ്പിച്ചത്
        ചേരുവകള്‍
        • മുട്ട - 2 എണ്ണം
        • ചെറിയ ഉള്ളി ചതച്ചത് - അര കപ്പ്‌
        • ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
        • പച്ചമുളക് അറ്റം പിളര്‍ന്നത് - 3,4 എണ്ണം
        • കറിവേപ്പില    - ഒരു തണ്ട്
        • മഞ്ഞള്‍പ്പൊടി - 1/4  ടീസ്പൂണ്‍
        • മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്)
        • ഉപ്പ് - പാകത്തിന്
        • എണ്ണ - 2 ടേബിള്‍ സ്പൂണ്‍( വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ സ്വാദ് കൂടും)
        • വെള്ളം - ഒരു കപ്പ്‌

        പാകം ചെയ്യുന്ന വിധം 

        ചീനച്ചട്ടി അടുപ്പില്‍ വച്ചു എണ്ണ ഒഴിച്ചു ചൂടാക്കുക. ചതച്ചു വച്ചിരിക്കുന്ന ഉള്ളി ചേര്‍ത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക.നന്നായി മൂത്തുവരുമ്പോള്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.വെള്ളം വെട്ടിത്തിളക്കുമ്പോള്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക. തീ കുറച്ചു വച്ചു മുട്ട വേവിക്കുക.അതിലേക്കു ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക. കറി തയ്യാര്‍.

        2. മീന്‍ തിളപ്പിച്ചത് 

        ചേരുവകള്‍
        • മീന്‍ - അര കിലോ
        • ചെറിയ ഉള്ളി ചതച്ചത് - അര കപ്പ്‌ 
        • ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
        • പച്ചമുളക് അറ്റം പിളര്‍ന്നത് - 3,4 എണ്ണം
        • കറിവേപ്പില    - ഒരു തണ്ട്
        • മഞ്ഞള്‍പ്പൊടി - 1/4  ടീസ്പൂണ്‍
        • മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍                  
        • ഉപ്പ് - പാകത്തിന്
        • എണ്ണ - 2 ടേബിള്‍ സ്പൂണ്‍
        • വെള്ളം - ഒരു കപ്പ്‌
          പാകം ചെയ്യുന്ന വിധം

          ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്കു ചതച്ചു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു മൂപ്പിക്കുക.അതിലേക്കു വെള്ളവും ഉപ്പും ചേര്‍ക്കുക. നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ത്തു ചെറിയ തീയില്‍ വേവിക്കുക.കറിവേപ്പിലയും ചേര്‍ത്തു വാങ്ങി വയ്ക്കുക.

          (പിന്‍കുറിപ്പ്‌: ഫ്രഷ്‌ മീനാണ് ഈ കറിക്ക് നല്ലത്. ഏതു തരം മീനും ഉപയോഗിക്കാവുന്നതാണ്.)

          3.പപ്പടം അരിഞ്ഞുവറുത്തത്
           ചേരുവകള്‍
          • പപ്പടം - ഒരു കെട്ട്
          • ചെറിയ ഉള്ളി അരിഞ്ഞത്‌ - ഒരു കപ്പ്‌
          • മുളകുപൊടി - 1 സ്പൂണ്‍ (ചതച്ച മുളക് അല്ലെങ്കില്‍ ചില്ലി ചിപ്സ് ഉപയോഗിച്ചാല്‍ നന്നായിരിക്കും)
          • കറിവേപ്പില - ഒരു തണ്ട്
          • എണ്ണ - ആവശ്യത്തിന്
          പാകം ചെയ്യുന്ന വിധം

          പപ്പടം ചെറിയതായി അരിഞ്ഞെടുക്കുക.എണ്ണയില്‍ വറുത്തെടുത്തു മാറ്റി വയ്ക്കുക.അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും  അതേ എണ്ണയില്‍ നന്നായി വഴറ്റുക.മൊരിഞ്ഞുവരുമ്പോള്‍ മുളകുപൊടി ചേര്‍ക്കുക.അടുപ്പില്‍ നിന്നിറക്കി വച്ചു വറുത്തു വച്ചിരിക്കുന്ന പപ്പടവും ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക.പപ്പടം പൊടിഞ്ഞു പോകരുത്. ഒന്നാറിയതിനു  ശേഷം കുപ്പിയില്‍ ഇട്ടു വെക്കാവുന്നതാണ്. ഇത് വളരെ ദിവസങ്ങളോളം കേടുവരാതെ ഇരിക്കും.

          4. ഉണക്കമീന്‍ പൊടിച്ചു വറുത്തത്

          ചേരുവകള്‍

          • ഉണക്കമീന്‍ - ഒരു പാക്കറ്റ്
          • ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്‌ - ഒരു കപ്പ്‌
          • കറിവേപ്പില - 2,3 തണ്ട്
          • മുളകുപൊടി - ഒരു സ്പൂണ്‍
          • എണ്ണ - 2 സ്പൂണ്‍
          പാകം ചെയ്യുന്ന വിധം

          ഉണക്കമീന്‍ മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. ഒരുവിധം നന്നായി പൊടിയണം.
          ചട്ടി ചൂടാകുമ്പോള്‍ ഉണക്കമീന്‍ പൊടിച്ചതിട്ടു ചൂടാക്കുക.തുടരെ ഇളക്കുക.പച്ചമണം പോയതിനുശേഷം എണ്ണയും  അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും ചേര്‍ത്തു നന്നായി മൂപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി വച്ചതിനു ശേഷം മുളകുപൊടി ചേര്‍ക്കുക.മുളക് കരിഞ്ഞുപോകാതെ തുടരെ ഇളക്കുക. ആറിയതിനു ശേഷം കുപ്പിയില്‍ ആക്കാവുന്നതാണ്.ഇത് ഏറെ നാള്‍ കേടുവരാതെഇരിക്കും.

          Tuesday, January 5, 2010

          ഇഡ്ഡലി ഉപ്പുമാവ്

          രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി അധികം വന്നുവോ?വിഷമിക്കേണ്ട ..... വൈകുന്നേരത്തെ ചായക്ക് ഒരു വിശേഷാല്‍ ഉപ്പുമാവായാലോ...!!!ഇതൊന്നു പരീക്ഷിച്ചു നോക്കൂ

          ആവശ്യമുള്ള സാധനങ്ങള്‍

          •   ഇഡ്ഡലി -  ഒരു കപ്പ്‌
          • സവാള പൊടിയായി അരിഞ്ഞത് -1
          • പച്ചമുളക് പൊടിയായി അരിഞ്ഞത് -2,3
          • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
          • കറിവേപ്പില - ഒരു തണ്ട്
          • കടുക് - അര സ്പൂണ്‍
          • ഉഴുന്നുപരിപ്പ് - അര സ്പൂണ്‍
          • ഉണക്ക മുളക് -2,3
          • ഉപ്പ് - പാകത്തിന്
          പാകം ചെയ്യുന്ന വിധം

          ഇഡ്ഡലി ചെറിയ കഷണങ്ങളായി മിക്സിയില്‍ ഇട്ടു ഒന്നു കറക്കിയെടുക്കുക. അരഞ്ഞു പോകരുത്.ചൂടായ ചട്ടിയില്‍ ക്രമാനുസാരണം,കടുക്, ഉണക്കമുളക്, ഉഴുന്ന് എന്നിവ പൊട്ടിക്കുക.അതിലേക്കു, അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേര്‍ത്തു നന്നായി വഴറ്റുക. പിന്നീടു പൊടിച്ചുവച്ചിരിക്കുന്ന ഇഡ്ഡലിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഇഡ്ഡലി ഉപ്പുമാവ് തയ്യാര്‍.


          ഇന്‍സ്റ്റന്റ് ദോശ

          വീട്ടില്‍ ദോശ മാവില്ലെങ്കില്‍ വെപ്രാളപ്പെടേണ്ട.... ഇതാ ഒരു ഇന്‍സ്റ്റന്റ് ദോശ !!!

          ആവശ്യമുള്ള ചേരുവകള്‍
          • മൈദ - ഒരു കപ്പ്‌
          • സവാള പൊടിയായി അരിഞ്ഞത് - 1
          • പച്ചമുളക് പൊടിയായി അരിഞ്ഞത് - 2,3
          • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
          • പുളിയുള്ള തൈര് - 1 ടേബിള്‍ സ്പൂണ്‍
          • ഉപ്പ് - പാകത്തിന്
          • വെള്ളം - ആവശ്യത്തിന് 
          പാകം ചെയ്യുന്ന വിധം

          എല്ലാ ചേരുവകളും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു ദോശമാവിന്റെ അയവില്‍ കലക്കിയെടുത്ത്, ഉടനടി ദോശ ഉണ്ടാക്കാം. ചൂടോടെ തേങ്ങാചമ്മന്തിയോ സാമ്പാറോ കൂട്ടികഴിക്കാവുന്നതാണ്.

          Saturday, January 2, 2010

          പയറുദോശ



          ചെറുപയര്‍ 4 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തതിനുശേഷം  മുളപ്പിക്കാന്‍ വെക്കുക.പിറ്റേന്നാകുമ്പോള്‍ നന്നായി മുള വന്നിരിക്കും. മുളപ്പിച്ച ചെറുപയര്‍ വളരെ പോഷകഗുണമുള്ളതാണ്‌.

          ആവശ്യമുള്ള സാധനങ്ങള്‍

          മുളപ്പിച്ച ചെറുപയര്‍  - ഒരു കപ്പ്‌
          അരിപ്പൊടി                - ഒരു കപ്പ്‌
          കാരറ്റ് ചീകിയത്       - അര കപ്പ്‌
          സവാള പൊടിയായി കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
          പച്ചമുളക് പൊടിയായി കൊത്തിയരിഞ്ഞത്‌ - 3,4 (ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
          മല്ലിയില പൊടിയായി കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
          മഞ്ഞള്‍പ്പൊടി      -  അര ടീസ്പൂണ്‍
          ഉപ്പ്‌       - പാകത്തിന്


            പാകം ചെയ്യുന്ന വിധം 
          • മുളപ്പിച്ച ചെറുപയര്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍  അരച്ചെടുക്കുക.
          • മറ്റു ചേരുവകളും, ആവശ്യാനുസരണം വെള്ളവും  ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
          • ദോശ മാവിനേക്കാള്‍ അല്പം കട്ടിയില്‍ കലക്കിയെടുക്കുക.
          • ചൂടാക്കിയ ദോശക്കല്ലിലോ നോണ്‍സ്റ്റിക്ക്  തവയിലോ മാവു കോരിയൊഴിച്ച്  നെയ്യ്  ചേര്‍ത്ത് തിരിച്ചു മറിച്ചും ഇട്ടു ദോശ ചുട്ടെടുക്കുക.
          • ചൂടോടെ സാമ്പാര്‍ , തേങ്ങാച്ചമ്മന്തി എന്നിവ കൂട്ടിയും  കഴിക്കാവുന്നതാണ്.  

          തേങ്ങാച്ചമ്മന്തി

          തേങ്ങ   - അരമുറി
          പൊട്ടുകടല  - അര  കപ്പ്‌
          പച്ചമുളക് - 2,3
          ഇഞ്ചി - ഒരു കുഞ്ഞുകഷണം
          വെളുത്തുള്ളി - 1
          ചെറിയ ഉള്ളി  - 5
          കറിവേപ്പില  - ഒരു തണ്ട്
          ഉപ്പ്‌    - പാകത്തിന്

          ആദ്യം പൊട്ടുകടല മിക്സിയില്‍ തരിയായി പൊടിച്ചെടുക്കുക.പിന്നീടു മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി അരക്കുക. അരക്കുമ്പോള്‍, അല്പം വെള്ളം ചേര്‍ത്തരക്കുക. ഈ ചമ്മന്തി, കടുക് വറുത്തും അല്ലാതെയും ഉപയോഗിക്കാം.
          Related Posts Plugin for WordPress, Blogger...