Tuesday, March 4, 2014

ഒരു സോസിന്റെ ജന്മകഥ

അവധിദിവസത്തിന്റെ ആലസ്യത്തിൽ മടിപിടിച്ചിരിക്കുമ്പോഴാണ് ആലുടിക്കി ഉണ്ടാക്കിയാലോ എന്നു മോൾ ചോദിക്കുന്നത്. വായനയുടെ ഗൗരവത്തിൽ ആണെന്നു ധരിച്ചോട്ടെയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്,   കേൾക്കാത്ത ഭാവത്തിൽ കൈയിലിരുന്ന പുസ്തകത്തിലേക്ക് കണ്ണുംനട്ടിരുന്നു.  പക്ഷേ, അവൾ വിടുന്ന മട്ടില്ല.... ഹോ, അമ്മ അന്നുണ്ടാക്കിയ ആലുടിക്കിയുടെ സ്വാദ് , കൂട്ടുകാർ അതിനെക്കുറിച്ച് വർണിച്ചത് .... എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. അറ്റകൈക്ക് 'ഞാനൂടെ സഹായിക്കാം അമ്മാ...' എന്നു പറഞ്ഞ്   എന്നിലെ അമ്മയെ സെന്റിയാക്കി ....  

പിന്നെ, രണ്ടുപേരും കിച്ചണിലേക്ക് .... ഫ്രിഡ്ജ് തുറന്നുപിടിച്ച്, എന്തു വേണമെന്നറിയാതെ കുറച്ചു നേരം വെജിറ്റബിൾട്രേയിലേക്കു തുറിച്ചുനോക്കി നിന്നു... നോട്ടം ഭയന്നിട്ട് ഉരുളക്കിഴങ്ങും പച്ചമുളകും മെല്ലെ തക്കാളിയുടെ പിന്നിൽ ഒളിക്കാനൊരു ശ്രമം. എന്നെയാരും തൊടില്ലയെന്ന് തക്കാളിയിങ്ങനെ അഹങ്കാരത്താൽ ചുവന്നുതുടുത്ത് തലയുയർത്തിപ്പിടിച്ച് എന്നെയൊന്നു നോക്കി. അപ്പോഴാണ്‌ തക്കാളിയുടെ അഹങ്കാരത്തിൽ പരിഭ്രമിച്ച സോസിന്റെ കാലിയായ കുപ്പി നിലതെറ്റി വീഴാനാഞ്ഞത്.  



പിന്നെയൊന്നും ആലോചിച്ചില്ല, അഹങ്കാരിയായ തക്കാളിയെത്തന്നെ ആദ്യം പിടികൂടി. വെള്ളത്തിലിട്ട് കുളിപ്പിച്ചെടുക്കാൻ മോളെ ഏൽപ്പിച്ചു. ഏകദേശം ഒരു കിലോയോളം ഉണ്ടായിരുന്നു. കുക്കറിൽ വെച്ച് ഒരു നെലോളി പുറത്തേക്കു വരുന്നതുവരെ അടുപ്പിൽ വെച്ച് കത്തിച്ചു . ചൂടൊന്നാറിയപ്പോൾ എടുത്ത് അരിപ്പയിൽവെച്ച് നല്ലവണ്ണം തേച്ച് , അരിച്ചെടുത്തു.


എന്നിട്ട് ഒരു ചീനച്ചട്ടിയിലാക്കി വീണ്ടും അടുപ്പത്തുവെച്ചു. ഇത്തവണ കൂട്ടിനു ഒരു ടേബിൾസ്പൂണ്‍ മുളകുപൊടിയും ഒന്നരക്കപ്പ് പഞ്ചസാരയും അരക്കപ്പ് വിനാഗിരിയും ഓരോ ടീസ്പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും  ഉപ്പും എല്ലാം  ഉണ്ടായിരുന്നതുകൊണ്ട് തക്കാളിയുടെ അഹങ്കാരത്തിന് ചെറിയ ശമനമുണ്ടായിരുന്നു. അഞ്ചു കരയാമ്പൂവും രണ്ടു കറുവാപ്പട്ടയുംകൂടെ ഒരു കിഴികെട്ടി അതിലേക്ക് ഇട്ടുവെച്ചു. നന്നായി തിളച്ചുകുറുകിവന്നപ്പോൾ കിഴിയെടുത്തുമാറ്റി. കുറച്ചെടുത്ത് രുചിച്ചുനോക്കിയിട്ട്, 'ഉം, കൊള്ളാം' എന്ന് മോൾ തലകുലുക്കി.....



പിന്നെ, തണുത്തുകഴിഞ്ഞപ്പോ സോസിനെ കുപ്പിയിലാക്കി, ഭദ്രമായി, പൂട്ടി വെച്ചു.


11 comments:

  1. ടൊമാറ്റോ സോസ് വീട്ടിലുണ്ടാക്കാനും പഠിച്ച സന്തോഷം കുഞ്ഞൂസ്

    ReplyDelete
  2. നന്ദി കുഞ്ഞൂസേ.. ഇഞ്ചിയും വെളുത്തുള്ളിയും എങ്ങിനെയാ ചേര്‍ക്കേണ്ടത്, പേസ്റ്റ് ആണോ? റ്റുമാറ്റോ സോസിന് നല്ല കളര്‍ ലഭിച്ചല്ലോ, ഫുഡ് കളര്‍ ചേര്‍ക്കണോ?

    ReplyDelete
  3. ഫുഡ്‌ കളർ ഒന്നും ചേർക്കേണ്ട ഷേയാ.... കാശ്മീരിമുളകുപൊടി ഉപയോഗിച്ചാൽ നല്ല കളർ കിട്ടും .... ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആണ്. എഡിറ്റ്‌ ചെയ്തു ചേർത്തിട്ടുണ്ട്.

    ReplyDelete
  4. ആഹഹ...ഏതാ വിവരണം ! ഇഷ്ടായി കുഞ്ഞൂസ് :)
    ഞാന്‍ സ്ഥിരായി ടോമോട്ടോ സോസ് ഉണ്ടാക്കി വെച്ചതാണ് ഉപയോഗിക്കുന്നത് , കറികളില്‍ ചേര്‍ക്കാന്‍ വേണ്ടി മാത്രം .
    ഞാന്‍ ചെയ്യുന്നത് :
    തക്കാളി നന്നായി പുഴുങ്ങി (അല്പം മഞ്ഞള്‍പ്പൊടി ഉപ്പ് ചേര്‍ത്ത് ) , തണുത്ത ശേഷം തൊലി ഉരിഞ്ഞു ജൂസ് അടിച്ചു അല്പം സുര്‍ക്കയും ചേര്‍ത്ത് കുപ്പിയിലാക്കി വെക്കും . :)
    പഴുത്ത തക്കാളികള്‍ ഇങ്ങനെ ചെയ്തു വെച്ചാല്‍ ..ദിവസങ്ങളോളം ഉപയോഗിക്കാം ...
    ഇനി ഇതൊന്നു പരീക്ഷിക്കണം

    ReplyDelete
  5. "ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. അതിലേക്ക് കുറച്ച് ഉപ്പോ, കുരുമുളകോ, മഞ്ഞപ്പൊടിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചേര്‍ക്കുക..." ഈ ടൈപ്പ് റെസിപ്പീസ് ഒരുപാട് കണ്ടിട്ടുണ്ട്...ആദ്യമായിട്ടാണ് ഇങ്ങനെ രസകരമായി എഴുതിയ ഒരു റെസിപ്പീ കാണുന്നത്... :-)

    ReplyDelete
  6. ഇത്രേള്ളൂ.....??
    ഈ കുക്കിംഗ് കുക്കിംഗ് ന്ന് പറേണത് അപ്പോ ഇത്രേള്ളൂല്ലേ
    ഇതിനാണ് അനു മല മറിയ്ക്കുന്ന ഭാവത്തില്‍ കിച്ചണില്‍ക്കൂടി ഓടിനടക്കുന്നത്!!!!!!

    ReplyDelete
  7. ഞാനത് വീട്ടിലേക്ക് അയച്ചു കൊടുത്തു. നന്ദി കുഞ്ഞൂസേ...

    ReplyDelete
  8. കുഞ്ഞുസ്സിന്റെ വിവരണം വായിച്ചാല്‍ തന്നെ ടൊമാറ്റോ സോസ് കഴിച്ച തു പോലെ തോന്നും പിന്നെ എന്തിനാ ഉണ്ടാക്കുന്നത്....? നന്നായിട്ടുണ്ട് കേട്ടോ....:)

    ReplyDelete
  9. തണുത്തു കഴിഞ്ഞപ്പോ സോസിനെ കുപ്പിയിലാക്കി ഭദ്രമായി പൂട്ടി വെച്ചിട്ടുണ്ടല്ലോ ഉം അടിച്ചുമാറ്റാന്‍ ഞാന്‍ വരുന്നുണ്ട് ട്ടാ ..:)

    ReplyDelete
  10. ഈ വിവരണത്തിനാണ്
    സോസിനേക്കാൾ രുചി . പിന്നെ
    ഇനി മാഗിയുടെ സീറ്റ്& സ്പൈസ്സി
    ടൊമാറ്റോ സോസ് വാങ്ങേണ്ടതില്ല അല്ലേ

    ReplyDelete

Related Posts Plugin for WordPress, Blogger...