Monday, June 24, 2013

നെല്ലിക്ക ഉപ്പിലിട്ടതും എളുപ്പത്തിൽ ഒരു ചമ്മന്തിയും

ഖത്തറിലുള്ള ബാച്ചിയായ സഹോദരന് വേണ്ടി ചില നുറുങ്ങുകൾ - നിങ്ങൾക്കും ഉപകാരപ്പെട്ടേക്കാം.


നെല്ലിക്ക ഉപ്പിലിടുന്ന സൂത്രപ്പണി : നെല്ലിക്ക വിലയനുസരിച്ച് ഒരു കിലോയോ അരക്കിലോയോ നിങ്ങളുടെ ഇഷ്ടം പോലെ വാങ്ങിയാൽ മതി ട്ടോ. ഞാനിവിടെ ഒരു കിലോ നെല്ലിക്ക ലാഭത്തിൽ കിട്ടിയപ്പോൾ വാങ്ങിയതാണ് . അതിനെ കഴുകി വൃത്തിയാക്കി രണ്ടു ടേബിൾ സ്പൂണ്‍ ഉപ്പും നികക്കെ വെള്ളവും ഒഴിച്ച് വേവിച്ചു. വെള്ളം തിളച്ചു, അഞ്ചു പത്തു മിനിട്ടിനുള്ളിൽ നെല്ലിക്ക വെന്തു കിട്ടും. ഇറക്കി വെച്ച് തണുക്കാൻ വെക്കുക. നന്നായി തണുത്തു കഴിയുമ്പോൾ ഭരണിയിലോ കുപ്പിയിലോ സൂക്ഷിക്കുക. നെല്ലിക്കയുടെ മേലെ വെള്ളം ഉണ്ടാവണം. അല്ലെങ്കിൽ പൂപ്പൽ ഉണ്ടാവും. നെല്ലിക്ക വേവിച്ച വെള്ളം തികഞ്ഞില്ലെങ്കിൽ  വേറെ വെള്ളം തിളപ്പിച്ചാറ്റി ഒഴിച്ചു വെക്കുക. നെല്ലിക്ക മാത്രമല്ല നാരങ്ങയും മാങ്ങയും ഒക്കെ ഇങ്ങിനെ ഉപ്പിലിട്ടു വെക്കാം. ഇത് കുറേ നാൾ കേടാകാതെയിരിക്കും. ഇതു കൊണ്ട് പലതരം കറികളും ഉണ്ടാക്കാം . കറിയുണ്ടാക്കാൻ മടിയാകുമ്പോൾ എളുപ്പത്തിൽ ഒരു ചമ്മന്തിയും ഉണ്ടാക്കാം .




ചമ്മന്തിയുണ്ടാക്കാൻ തേങ്ങയും മിക്സിയും ഒന്നും വേണ്ട . കുറച്ച് ഉള്ളി, പച്ചമുളക്, മുളകുപൊടി, വെളിച്ചെണ്ണ... ഇത്രേം മതി. പിന്നെ ഉപ്പിലിട്ട നെല്ലിക്കയും. എല്ലാം കൂടെ കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം. ഉപ്പു പോരായെന്ന് തോന്നിയാൽ ആവശ്യത്തിന് ചേർത്തോളൂ . എനിക്കൊരു വിരോധവുമില്ല . അവസാനം കൈ നക്കാൻ മറക്കരുത് ട്ടോ ... :)


Wednesday, June 12, 2013

നാരങ്ങ അച്ചാർ



ആവശ്യമുള്ള സാധനങ്ങൾ :

  • നാരങ്ങ - 250 ഗ്രാം 
  • ഇഞ്ചി നീളത്തിൽ മുറിച്ചത് - ഒരു ടീസ്പൂണ്‍ 
  • വെളുത്തുള്ളി നീളത്തിൽ മുറിച്ചത് - ഒരു ടീസ്പൂണ്‍
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - ഒരു ടീസ്പൂണ്‍ 
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂണ്‍ 
  • മുളകുപൊടി - 3 ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • വിനിഗർ - അര കപ്പ് 
  • എണ്ണ - അര ടീസ്പൂണ്‍ 
  • കടുക് - അര ടീസ്പൂണ്‍ 
  • ഉലുവ - അര ടീസ്പൂണ്‍ 
  • ഉണക്ക മുളക് - 3 / 4 
  • കറിവേപ്പില - ഒരു തണ്ട് 


പാകം ചെയ്യുന്ന വിധം :

നാരങ്ങ കഴുകി വെള്ളം തുടച്ചെടുത്ത് നാലായി മുറിക്കുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി , മഞ്ഞൾപ്പൊടി , മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് രണ്ടു മണിക്കൂർ നേരമെങ്കിലും വെക്കണം. 

ചൂടായ പാത്രത്തിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ യഥാക്രമം കടുക് , ഉലുവ, ഉണക്കമുളക്, കറിവേപ്പില പൊട്ടിക്കുക . അതിലേക്ക് മിക്സ്‌ ചെയ്തു വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് വിനിഗറും ചേർത്ത് തിളപ്പിക്കുക. തിളക്കുമ്പോൾ തീ കുറച്ച് ,  നാരങ്ങ വേവിക്കുക. ഉപ്പ് പോരെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. നാരങ്ങ വെന്തു കഴിഞ്ഞാൽ ഇറക്കി വെച്ച് , തണുക്കുമ്പോൾ കുപ്പിയിൽ ആക്കുക . ഏറെ നാൾ കേടുകൂടാതെയിരിക്കും.
 ഇരിക്കുന്തോറും രുചി കൂടുകയും ചെയ്യും .

കാനഡയിലെ ആൽബർട്ടയിൽ ഉള്ള  പ്രിയ  സുഹൃത്ത്‌  കല്പനയ്ക്ക്  വേണ്ടി തയ്യാറാക്കിയത് 



Sunday, May 26, 2013

ബ്ലാത്തി അമ്പഴങ്ങ ചമ്മന്തി

ഓർമ്മകൾ ഓളങ്ങൾ...  

അങ്ങനെയിരിക്കെ ദോശ തിന്നാൻ ആശ കേറി... ഈ ആശയുടെ പിന്നിൽ 'ദോശക്കൂട്ടം' തന്നെ... ഒന്നു ചേർന്ന് കുറെ വർത്തമാനം പറയുക, ചിരിക്കുക... പുസ്തകങ്ങൾ ചർച്ച ചെയ്യുക, കൈമാറുക... ഒരു ദിവസത്തെ അർമാദം, അടുത്ത കുറെ ദിവസത്തേക്കുള്ള ഊർജ്ജമാണ് എല്ലാവർക്കും... പതിവുകേന്ദ്രം കപ്പലുവീടു തന്നെ... പ്രാതൽ മുതൽ ഒന്നിച്ചു കൂടാൻ, എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ... അഞ്ചപ്പാറിലേക്കോ  ശരവണഭവനിലേക്കോ ഓടാൻ... എല്ലാത്തിനും കപ്പലുവീടു തന്നെ സൗകര്യം... 
അങ്ങനെയങ്ങനെയുള്ള ഒരു മെയ്മാസത്തിൽ  നിർമ്മല എത്തിയത് ഞങ്ങൾ കാനഡക്കാർക്ക് അപൂർവ്വമായി കിട്ടുന്ന ഈ ബ്ലാത്തി അമ്പഴങ്ങയുമായാണ്... കൊതി മൂത്ത്, ആദ്യം വെറുതെ ഉപ്പും കൂട്ടിത്തിന്നു... പിന്നെയത്, ഉച്ചയൂണിനു ചമ്മന്തിയാക്കി... 


ചേരുവകൾ :

  • ബ്ലാത്തി  അമ്പഴങ്ങ - രണ്ട് / മൂന്ന് 
  • കൊച്ചുള്ളി / സവാള - അര കപ്പ്‌ 
  • മുളകുപൊടി - ഒരു ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ  - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:

ചെറുതായി മുറിച്ചെടുത്ത അമ്പഴങ്ങയും മറ്റു ചേരുവകളും ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക .  അധികം അരയരുത് . കല്ലിൽ വെച്ച് അരച്ചെടുത്താൽ സ്വാദു കൂടും ... കൈയും നക്കാം ... :)




Related Posts Plugin for WordPress, Blogger...