Saturday, November 20, 2010

മിക്സഡ്‌ ഫ്രൈഡ് റൈസും ചില്ലി ചിക്കനും

മിക്സഡ്‌ ഫ്രൈഡ് റൈസ്


ആവശ്യമുള്ള സാധനങ്ങള്‍

1 . ബസ്മതി അരി - 4 കപ്പ്‌
2 . ബോണ്‍ലെസ്സ് ചിക്കന്‍ - അര കപ്പ്‌
3 . കൊഞ്ച് (ചെമ്മീന്‍ ) - അര കപ്പ്‌
4 . മുട്ട - രണ്ടെണ്ണം
5 . കാരറ്റ് നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
6 . ബീന്‍സ്‌ നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
7 . സെലറി നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
8 . സോയ സോസ് - ഒരു വലിയ സ്പൂണ്‍
9 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒന്നര ക്യൂബ്
10 . ഉപ്പ് - ആവശ്യത്തിന്
11 . കുരുമുളക് പൊടി - ഒന്നര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരി കഴുകി പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചു വാര്‍ത്തു വെക്കുക.ചിക്കന്‍ ഒരിഞ്ചു നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ചു,ഉപ്പും കുരുമുളക് പൊടിയും മിക്സ്‌ ചെയ്തു ഫ്രൈ ചെയ്തു വെക്കുക. കൊഞ്ചും കഴുകി വൃത്തിയാക്കി ഉപ്പും കുരുമുളക് പൊടിയും പുരട്ടി വറുത്തെടുക്കുക. മുട്ടയും ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഉടച്ചു വറുത്തെടുക്കുക.കാരറ്റ്, ബീന്‍സ്‌ എന്നിവയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചു വെക്കുക.

ഒരു വലിയ പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍,സോയ സോസും ടേസ്റ്റ് മേക്കര്‍ പൊടിച്ചതും ചേര്‍ക്കുക.സ്റ്റവ്‌ ഓഫ്‌ ചെയ്യുക.   അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറ് കുറേശ്ശെ ഇട്ടു മിക്സ്‌ ചെയ്യുക.(തണുത്ത ചോറാണ് മിക്സ്‌ ചെയ്യാന്‍ നല്ലത്).ഇടയ്ക്കിടെ വറുത്തു വച്ചിരിക്കുന്ന , ചിക്കന്‍, കൊഞ്ച്,മുട്ട, പച്ചക്കറികള്‍ എന്നിവയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.സ്റ്റവില്‍ നിന്നും ഇറക്കി വെക്കുക.അരിഞ്ഞു വച്ചിരിക്കുന്ന സെലറി മീതെ തൂവുക.

കുറിപ്പ് - സോയ സോസിലും ടേസ്റ്റ് മേക്കറിലും ഉപ്പുള്ളതിനാല്‍, മറ്റുള്ളവയില്‍ വളരെ കുറച്ചു ഉപ്പ് ചേര്‍ത്താല്‍ മതി.


ചില്ലി ചിക്കന്‍

ആവശ്യമുള്ള സാധനങ്ങള്‍

1 . ബോണ്‍ലെസ്സ് ചിക്കന്‍ ചെറിയ ക്യുബുകള്‍ ആയി മുറിച്ചത് - അരക്കിലോ
2 . സവാള  - രണ്ടെണ്ണം (ക്യുബ് ആയി മുറിക്കുക)
3 . ക്യാപ്സിക്കം (ഗ്രീന്‍ പെപ്പെര്‍)  - ഒരെണ്ണം (ക്യുബ് ആയി മുറിക്കുക)
4 . രണ്ടിഞ്ചു നീളത്തില്‍  ഇഞ്ചി -  നീളത്തില്‍ നേരിയതായി അരിഞ്ഞത്
5 . വെളുത്തുള്ളി  - അഞ്ചോ ആറോ (നീളത്തില്‍ നേരിയതായി അരിയുക)
6 . സെലറി - രണ്ടു മൂന്നു തണ്ട് (ഒരിഞ്ചു നീളത്തില്‍ മുറിച്ചു വെക്കുക)
7 . പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - നാലോ അഞ്ചോ എണ്ണം
8 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒരു ക്യുബ്
9 . ചിക്കന്‍ ബ്രോത് - ഒരു കപ്പ്‌
10 . സോയ സോസ് - രണ്ടു ടേബിള്‍ സ്പൂണ്‍
11 . ചില്ലി സോസ്, കെച്ചപ്പ് - ഓരോ ടേബിള്‍ സ്പൂണ്‍ വീതം
12 . എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
13 . ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍ - കോണ്‍ഫ്ലോര്‍ അര കപ്പ്‌, സോയ സോസ് അര സ്പൂണ്‍, ഒരു മുട്ട,അല്പം ഉപ്പ്  - ഇവയെല്ലാം കൂടെ നന്നായി യോജിപ്പിച്ച് ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടെ ചേര്‍ത്ത് ബാറ്റെര്‍ ഉണ്ടാക്കി ചിക്കന്‍ അതില്‍ മിക്സ്‌ ചെയ്തു കുറഞ്ഞത്‌ അര മണിക്കൂര്‍ എങ്കിലും മാരിനേറ്റു ചെയ്യാന്‍ വെക്കുക   
പാകം ചെയ്യുന്ന വിധം

 പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക.ചൂടായ എണ്ണയില്‍ മാരിനേറ്റു ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന  ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവയും വറുത്തു കോരിയെടുക്കുക.ഇതേ എണ്ണയില്‍ തന്നെ സവാള വഴറ്റുക.വഴന്നു വരുമ്പോള്‍ കാപ്സിക്കം ചേര്‍ത്ത് ഒന്നുകൂടെ വഴറ്റി,ടേസ്റ്റ് മേക്കര്‍ ചേര്‍ക്കുക.എരിവു വേണമെന്നുണ്ടെങ്കില്‍ അല്പം മുളകുപൊടിയും ചേര്‍ക്കാവുന്നതാണ്.എന്നാല്‍ മുളക്  നന്നായി വഴറ്റണം .അതിലേക്കു സോസുകളും വറുത്തു വച്ചിരിക്കുന്ന ചിക്കനും ഇഞ്ചിയും മറ്റും ചേര്‍ത്ത്,ആവശ്യത്തിന് ചിക്കന്‍ ബ്രോതും ചേര്‍ത്ത് നന്നായി തിളപ്പിച്ച്‌ കുഴഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി അരിഞ്ഞു വച്ചിരിക്കുന്ന സെലറി തൂവി അലങ്കരിക്കുക.
(ഡ്രൈ ആയ ചില്ലി ചിക്കന്‍ ആണ് വേണ്ടതെങ്കില്‍ ബ്രോത് ചേര്‍ക്കേണ്ട. നന്നായി വരട്ടി എടുത്താല്‍ മതി)

(ഭൂലോകത്തിലെ കൂട്ടുകാരിയായ മായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഈ പാചകക്കുറിപ്പ് , ബൂലോകത്തിലെ കൂട്ടുകാരോടും പങ്കുവെക്കുന്നു.)

Monday, April 12, 2010

തൈരു വിഭവങ്ങള്‍

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില തൈരു വിഭവങ്ങള്‍....

1 . പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍

1 . കാരറ്റ് ചീകിയത് - ഒരു കപ്പ്‌
2 . സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്‌
3 . പച്ചമുളക് ചെറുതായി അരിഞ്ഞത് - രണ്ടോ മൂന്നോ
4 . തൈര്‍ - ഒരു കപ്പ്‌
5 . ഉപ്പ് - പാകത്തിന്
വറുത്തിടാന്‍ കടുക്, ഉണക്കമുളക്,കറിവേപ്പില എന്നിവയും വേണം.

ഉണ്ടാക്കുന്ന വിധം

ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി നന്നായി മിക്സ്‌ ചെയ്യുക. അതിലേക്കു കടുക്, ഉണക്കമുളക്,കറിവേപ്പില എന്നിവ വറുത്തിടുക.

കുറിപ്പ് : കാരറ്റിനു പകരം ബീട്രൂറ്റ്,മുള്ളങ്കി,വാഴപ്പിണ്ടി മുതലായവും ഉപയോഗിക്കാവുന്നതാണ്.

2 . തൈരു കറി

ആവശ്യമുള്ള സാധനങ്ങള്‍

1 . തൈര്‍ - ഒരു കപ്പ്‌
2 . സവാള പൊടിയായി കൊത്തിയരിഞ്ഞത്‌ - ഒരെണ്ണം
3 . പച്ചമുളക് ചെറുതായി അരിഞ്ഞത് - മൂന്നോ നാലോ
4 . ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരിഞ്ചു നീളത്തിലെ ഒരു കഷണം
5 . വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒന്നോ രണ്ടോ
6 . തക്കാളി ചെറുതായി അരിഞ്ഞത് - ഒരെണ്ണം
7 . മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
8 . മുളകുപൊടി - 1/2 സ്പൂണ്‍
9 . ഉപ്പ് - പാകത്തിന്
10 . വെള്ളം - അര കപ്പ്‌
11 . പാചകയെണ്ണ - 1 ടേബിള്‍സ്പൂണ്‍ 
12 . കടുക് -  1/4 സ്പൂണ്‍      

ഉണ്ടാക്കുന്ന വിധം

ചൂടായ ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് ഇടുക.കടുക് പൊട്ടിയാലുടന്‍, അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നാലുടന്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ക്കുക. തിളച്ചു കഴിയുമ്പോള്‍ ഇറക്കി വച്ച് ഒന്ന് തണുത്തതിനു ശേഷം തൈര്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

(ശ്രദ്ധിക്കുക: തിളച്ച ചൂടോടെ തൈര്‍ ചേര്‍ത്താല്‍ പിരിഞ്ഞു പോകും.)

Wednesday, January 20, 2010

ബാച്ചിലേര്‍സ് കോര്‍ണര്‍ - തുടര്‍ച്ച

മാങ്ങച്ചമ്മന്തി

 ചേരുവകള്‍
പച്ചമാങ്ങ - 2
ഉള്ളി - അര കപ്പ്‌
മുളകുപൊടി - 1/2 സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം


വെളിച്ചെണ്ണയൊഴിച്ചുള്ള  ചേരുവകള്‍ എല്ലാം കൂടെ മിക്സിയിലോ അമ്മിയിലോ നന്നായി അരക്കുക.വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

നാരങ്ങ ഉപ്പിലിട്ടത്‌
ചേരുവകള്‍
ചെറുനാരങ്ങ - 10, 15
തിളപ്പിച്ചാറ്റിയ വെള്ളം - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം
ഒരു കുപ്പിയിലോ ഭരണിയിലോ കഴുകി തുടച്ച ചെറുനാരങ്ങ ഇട്ടുവെക്കുക.  തിളപ്പിച്ചാറ്റിയ വെള്ളം ഉപ്പും ചേര്‍ത്ത്,  നികക്കെ ഒഴിക്കുക. രണ്ടാഴ്ചക്കു ശേഷം നാരങ്ങ ഉപയോഗിക്കാം.

ഒരു നാരങ്ങയും കുറച്ചു ഉള്ളി അരിഞ്ഞതും അല്പം വെളിച്ചെണ്ണയും മുളകുപൊടിയോ കാന്താരി മുളകോ ചേര്‍ത്ത് നന്നായി ഞെരടി ഉപയോഗിക്കാവുന്നതാണ്.

വാല്‍കഷണം: നാരങ്ങ പിഴിഞ്ഞ തൊണ്ട് കളയാതെയും ഇപ്രകാരം ഉപ്പിലിട്ടു വച്ച് ഉപയോഗിക്കാം.അതിനായി, ഒരു കുപ്പിയിലോ ഭരണിയിലോ തിളപ്പിച്ചാറ്റിയ വെള്ളം ഉപ്പും ചേര്‍ത്തു പാതി നിറക്കുക. ഓരോ തവണയും നാരങ്ങ പിഴിഞ്ഞതിനു ശേഷം  തൊണ്ട് ഇതിലേക്ക് ഇട്ടു വെക്കാം. ഒന്ന് രണ്ടാഴ്ച കൊണ്ട് പാകമായി കിട്ടും.

എളുപ്പത്തില്‍ ഉപ്പുമാങ്ങ ഉണ്ടാക്കാം

മാങ്ങ കൂടുതല്‍ കിട്ടുമ്പോള്‍ വാങ്ങി കഴുകി, ഒരു വലിയ പാത്രത്തില്‍ മാങ്ങയും വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. മാങ്ങ വെന്തു വരുമ്പോള്‍ ഇറക്കി വച്ച്,തണുക്കുമ്പോള്‍ കുപ്പിയിലോ ഭരണിയിലോ ഇട്ടു വെക്കാം.കുറെനാള്‍ കേടാകാതെ ഇരിക്കും. ആവശ്യത്തിന് ഓരോന്ന് എടുത്തുപയോഗിക്കാം.

മാങ്ങയും ഉള്ളിയും മുളകുപൊടി അല്ലെങ്കില്‍ കാന്താരിമുളകും വെളിച്ചെണ്ണയും ചേര്‍ത്തു ഞെരടി എടുത്താല്‍ ചോറിനു വേറെ കറി വേണ്ട.

Tuesday, January 12, 2010

ബാച്ചിലേര്‍സ് കോര്‍ണര്‍

ബാച്ചിലേര്‍സിനു എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില വിഭവങ്ങളുടെ കുറിപ്പുകള്‍

  1. മുട്ട തിളപ്പിച്ചത്
ചേരുവകള്‍
  • മുട്ട - 2 എണ്ണം
  • ചെറിയ ഉള്ളി ചതച്ചത് - അര കപ്പ്‌
  • ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
  • പച്ചമുളക് അറ്റം പിളര്‍ന്നത് - 3,4 എണ്ണം
  • കറിവേപ്പില    - ഒരു തണ്ട്
  • മഞ്ഞള്‍പ്പൊടി - 1/4  ടീസ്പൂണ്‍
  • മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്)
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 2 ടേബിള്‍ സ്പൂണ്‍( വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ സ്വാദ് കൂടും)
  • വെള്ളം - ഒരു കപ്പ്‌

പാകം ചെയ്യുന്ന വിധം 

ചീനച്ചട്ടി അടുപ്പില്‍ വച്ചു എണ്ണ ഒഴിച്ചു ചൂടാക്കുക. ചതച്ചു വച്ചിരിക്കുന്ന ഉള്ളി ചേര്‍ത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക.നന്നായി മൂത്തുവരുമ്പോള്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.വെള്ളം വെട്ടിത്തിളക്കുമ്പോള്‍ മുട്ട പൊട്ടിച്ചു ഒഴിക്കുക. തീ കുറച്ചു വച്ചു മുട്ട വേവിക്കുക.അതിലേക്കു ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക. കറി തയ്യാര്‍.

2. മീന്‍ തിളപ്പിച്ചത് 

ചേരുവകള്‍
  • മീന്‍ - അര കിലോ
  • ചെറിയ ഉള്ളി ചതച്ചത് - അര കപ്പ്‌ 
  • ഇഞ്ചി ചതച്ചത് - ഒരു ചെറിയ കഷണം
  • പച്ചമുളക് അറ്റം പിളര്‍ന്നത് - 3,4 എണ്ണം
  • കറിവേപ്പില    - ഒരു തണ്ട്
  • മഞ്ഞള്‍പ്പൊടി - 1/4  ടീസ്പൂണ്‍
  • മുളകുപൊടി - 1/2 ടേബിള്‍ സ്പൂണ്‍                  
  • ഉപ്പ് - പാകത്തിന്
  • എണ്ണ - 2 ടേബിള്‍ സ്പൂണ്‍
  • വെള്ളം - ഒരു കപ്പ്‌
    പാകം ചെയ്യുന്ന വിധം

    ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്കു ചതച്ചു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു മൂപ്പിക്കുക.അതിലേക്കു വെള്ളവും ഉപ്പും ചേര്‍ക്കുക. നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ത്തു ചെറിയ തീയില്‍ വേവിക്കുക.കറിവേപ്പിലയും ചേര്‍ത്തു വാങ്ങി വയ്ക്കുക.

    (പിന്‍കുറിപ്പ്‌: ഫ്രഷ്‌ മീനാണ് ഈ കറിക്ക് നല്ലത്. ഏതു തരം മീനും ഉപയോഗിക്കാവുന്നതാണ്.)

    3.പപ്പടം അരിഞ്ഞുവറുത്തത്
     ചേരുവകള്‍
    • പപ്പടം - ഒരു കെട്ട്
    • ചെറിയ ഉള്ളി അരിഞ്ഞത്‌ - ഒരു കപ്പ്‌
    • മുളകുപൊടി - 1 സ്പൂണ്‍ (ചതച്ച മുളക് അല്ലെങ്കില്‍ ചില്ലി ചിപ്സ് ഉപയോഗിച്ചാല്‍ നന്നായിരിക്കും)
    • കറിവേപ്പില - ഒരു തണ്ട്
    • എണ്ണ - ആവശ്യത്തിന്
    പാകം ചെയ്യുന്ന വിധം

    പപ്പടം ചെറിയതായി അരിഞ്ഞെടുക്കുക.എണ്ണയില്‍ വറുത്തെടുത്തു മാറ്റി വയ്ക്കുക.അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും  അതേ എണ്ണയില്‍ നന്നായി വഴറ്റുക.മൊരിഞ്ഞുവരുമ്പോള്‍ മുളകുപൊടി ചേര്‍ക്കുക.അടുപ്പില്‍ നിന്നിറക്കി വച്ചു വറുത്തു വച്ചിരിക്കുന്ന പപ്പടവും ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക.പപ്പടം പൊടിഞ്ഞു പോകരുത്. ഒന്നാറിയതിനു  ശേഷം കുപ്പിയില്‍ ഇട്ടു വെക്കാവുന്നതാണ്. ഇത് വളരെ ദിവസങ്ങളോളം കേടുവരാതെ ഇരിക്കും.

    4. ഉണക്കമീന്‍ പൊടിച്ചു വറുത്തത്

    ചേരുവകള്‍

    • ഉണക്കമീന്‍ - ഒരു പാക്കറ്റ്
    • ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്‌ - ഒരു കപ്പ്‌
    • കറിവേപ്പില - 2,3 തണ്ട്
    • മുളകുപൊടി - ഒരു സ്പൂണ്‍
    • എണ്ണ - 2 സ്പൂണ്‍
    പാകം ചെയ്യുന്ന വിധം

    ഉണക്കമീന്‍ മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. ഒരുവിധം നന്നായി പൊടിയണം.
    ചട്ടി ചൂടാകുമ്പോള്‍ ഉണക്കമീന്‍ പൊടിച്ചതിട്ടു ചൂടാക്കുക.തുടരെ ഇളക്കുക.പച്ചമണം പോയതിനുശേഷം എണ്ണയും  അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും ചേര്‍ത്തു നന്നായി മൂപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി വച്ചതിനു ശേഷം മുളകുപൊടി ചേര്‍ക്കുക.മുളക് കരിഞ്ഞുപോകാതെ തുടരെ ഇളക്കുക. ആറിയതിനു ശേഷം കുപ്പിയില്‍ ആക്കാവുന്നതാണ്.ഇത് ഏറെ നാള്‍ കേടുവരാതെഇരിക്കും.

    Tuesday, January 5, 2010

    ഇഡ്ഡലി ഉപ്പുമാവ്

    രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി അധികം വന്നുവോ?വിഷമിക്കേണ്ട ..... വൈകുന്നേരത്തെ ചായക്ക് ഒരു വിശേഷാല്‍ ഉപ്പുമാവായാലോ...!!!ഇതൊന്നു പരീക്ഷിച്ചു നോക്കൂ

    ആവശ്യമുള്ള സാധനങ്ങള്‍

    •   ഇഡ്ഡലി -  ഒരു കപ്പ്‌
    • സവാള പൊടിയായി അരിഞ്ഞത് -1
    • പച്ചമുളക് പൊടിയായി അരിഞ്ഞത് -2,3
    • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
    • കറിവേപ്പില - ഒരു തണ്ട്
    • കടുക് - അര സ്പൂണ്‍
    • ഉഴുന്നുപരിപ്പ് - അര സ്പൂണ്‍
    • ഉണക്ക മുളക് -2,3
    • ഉപ്പ് - പാകത്തിന്
    പാകം ചെയ്യുന്ന വിധം

    ഇഡ്ഡലി ചെറിയ കഷണങ്ങളായി മിക്സിയില്‍ ഇട്ടു ഒന്നു കറക്കിയെടുക്കുക. അരഞ്ഞു പോകരുത്.ചൂടായ ചട്ടിയില്‍ ക്രമാനുസാരണം,കടുക്, ഉണക്കമുളക്, ഉഴുന്ന് എന്നിവ പൊട്ടിക്കുക.അതിലേക്കു, അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേര്‍ത്തു നന്നായി വഴറ്റുക. പിന്നീടു പൊടിച്ചുവച്ചിരിക്കുന്ന ഇഡ്ഡലിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഇഡ്ഡലി ഉപ്പുമാവ് തയ്യാര്‍.


    ഇന്‍സ്റ്റന്റ് ദോശ

    വീട്ടില്‍ ദോശ മാവില്ലെങ്കില്‍ വെപ്രാളപ്പെടേണ്ട.... ഇതാ ഒരു ഇന്‍സ്റ്റന്റ് ദോശ !!!

    ആവശ്യമുള്ള ചേരുവകള്‍
    • മൈദ - ഒരു കപ്പ്‌
    • സവാള പൊടിയായി അരിഞ്ഞത് - 1
    • പച്ചമുളക് പൊടിയായി അരിഞ്ഞത് - 2,3
    • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ കഷണം
    • പുളിയുള്ള തൈര് - 1 ടേബിള്‍ സ്പൂണ്‍
    • ഉപ്പ് - പാകത്തിന്
    • വെള്ളം - ആവശ്യത്തിന് 
    പാകം ചെയ്യുന്ന വിധം

    എല്ലാ ചേരുവകളും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു ദോശമാവിന്റെ അയവില്‍ കലക്കിയെടുത്ത്, ഉടനടി ദോശ ഉണ്ടാക്കാം. ചൂടോടെ തേങ്ങാചമ്മന്തിയോ സാമ്പാറോ കൂട്ടികഴിക്കാവുന്നതാണ്.

    Saturday, January 2, 2010

    പയറുദോശ



    ചെറുപയര്‍ 4 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തതിനുശേഷം  മുളപ്പിക്കാന്‍ വെക്കുക.പിറ്റേന്നാകുമ്പോള്‍ നന്നായി മുള വന്നിരിക്കും. മുളപ്പിച്ച ചെറുപയര്‍ വളരെ പോഷകഗുണമുള്ളതാണ്‌.

    ആവശ്യമുള്ള സാധനങ്ങള്‍

    മുളപ്പിച്ച ചെറുപയര്‍  - ഒരു കപ്പ്‌
    അരിപ്പൊടി                - ഒരു കപ്പ്‌
    കാരറ്റ് ചീകിയത്       - അര കപ്പ്‌
    സവാള പൊടിയായി കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
    പച്ചമുളക് പൊടിയായി കൊത്തിയരിഞ്ഞത്‌ - 3,4 (ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
    മല്ലിയില പൊടിയായി കൊത്തിയരിഞ്ഞത്‌ - അര കപ്പ്‌
    മഞ്ഞള്‍പ്പൊടി      -  അര ടീസ്പൂണ്‍
    ഉപ്പ്‌       - പാകത്തിന്


      പാകം ചെയ്യുന്ന വിധം 
    • മുളപ്പിച്ച ചെറുപയര്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍  അരച്ചെടുക്കുക.
    • മറ്റു ചേരുവകളും, ആവശ്യാനുസരണം വെള്ളവും  ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
    • ദോശ മാവിനേക്കാള്‍ അല്പം കട്ടിയില്‍ കലക്കിയെടുക്കുക.
    • ചൂടാക്കിയ ദോശക്കല്ലിലോ നോണ്‍സ്റ്റിക്ക്  തവയിലോ മാവു കോരിയൊഴിച്ച്  നെയ്യ്  ചേര്‍ത്ത് തിരിച്ചു മറിച്ചും ഇട്ടു ദോശ ചുട്ടെടുക്കുക.
    • ചൂടോടെ സാമ്പാര്‍ , തേങ്ങാച്ചമ്മന്തി എന്നിവ കൂട്ടിയും  കഴിക്കാവുന്നതാണ്.  

    തേങ്ങാച്ചമ്മന്തി

    തേങ്ങ   - അരമുറി
    പൊട്ടുകടല  - അര  കപ്പ്‌
    പച്ചമുളക് - 2,3
    ഇഞ്ചി - ഒരു കുഞ്ഞുകഷണം
    വെളുത്തുള്ളി - 1
    ചെറിയ ഉള്ളി  - 5
    കറിവേപ്പില  - ഒരു തണ്ട്
    ഉപ്പ്‌    - പാകത്തിന്

    ആദ്യം പൊട്ടുകടല മിക്സിയില്‍ തരിയായി പൊടിച്ചെടുക്കുക.പിന്നീടു മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി അരക്കുക. അരക്കുമ്പോള്‍, അല്പം വെള്ളം ചേര്‍ത്തരക്കുക. ഈ ചമ്മന്തി, കടുക് വറുത്തും അല്ലാതെയും ഉപയോഗിക്കാം.
    Related Posts Plugin for WordPress, Blogger...