Showing posts with label മത്തി വിഭവങ്ങൾ. Show all posts
Showing posts with label മത്തി വിഭവങ്ങൾ. Show all posts

Tuesday, May 6, 2014

മത്തി(ചാള) വിവിധ രീതിയിൽ

 
നമ്മുടെ നാട്ടിൽ സുലഭമായ മത്തി വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ്. വിറ്റമിൻ ബി, ബി 12 എന്നിവയുടെ ഉറവിടമായ മത്തിയുടെ   ഉപയോഗം  നാഡിവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ   സഹായിക്കാൻ ഉതകുന്നു.  ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗം, അൽഷിമേഴ്സ് തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.  ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോടീൻ, കാത്സ്യം, വിറ്റമിൻ ഡി എന്നിവയാലും സമ്പുഷ്ടമായ മത്തി നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.   

 മത്തി പൊള്ളിച്ചത് 




ചേരുവകൾ: 
  • മത്തി വൃത്തിയാക്കിയത് - അരക്കിലോ 
  • ഉള്ളി അരിഞ്ഞത് - അരക്കപ്പ് 
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ടീസ്പൂണ്‍ 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -  ഒരു ടീസ്പൂണ്‍ 
  • കറിവേപ്പില - രണ്ടു തണ്ട് 
  • മഞ്ഞൾപ്പൊടി - അര ടീസ്പൂണ്‍ 
  • മുളകുപൊടി - ഒരു ടേബിൾസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • കട്ടിയുള്ള തേങ്ങാപ്പാൽ - അരക്കപ്പ് 
  • വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂണ്‍ 


പാകം ചെയ്യുന്ന വിധം:

അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി , ഒരു തണ്ട് കറിവേപ്പില എന്നിവ ഉപ്പും കാൽ സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഞെരടിത്തിരുമ്മി വെക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ബാക്കിയുള്ള വെളിച്ചെണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ തിരുമ്മി വെച്ചിരിക്കുന്ന ചേരുവകൾ നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തിയും തേങ്ങാപ്പാലും ചേർക്കുക. ചെറിയ തീയിൽ വേവിച്ചെടുക്കുക. തേങ്ങാപ്പാലിലെ എണ്ണ തെളിഞ്ഞു വറ്റണം. മസാല മീനിൽ പൊതിഞ്ഞിരിക്കണം. അടുപ്പിൽ നിന്നിറക്കി ബാക്കി കറിവേപ്പില മീതെയിട്ട് കുറച്ചു നേരം അടച്ചു വെച്ചതിനു ശേഷം ഉപയോഗിക്കാം.


മത്തി കട്ട്ലറ്റ് 


ചേരുവകൾ: 
  • വൃത്തിയാക്കിയ മത്തി - അരക്കിലോ 
  • തേങ്ങ ചിരകിയത് - അരക്കപ്പ്‌
  • ഉള്ളി - കാൽക്കപ്പ് 
  • പച്ചമുളക് - എട്ടെണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷണം 
  • കറിവേപ്പില - ഒരു തണ്ട് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന്  
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 
പാകം ചെയ്യുന്ന വിധം:

വൃത്തിയാക്കിയ മത്തിയുടെ നടുവിലുള്ള മുള്ള് എടുത്തു കളയുക. ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ തരുതരുപ്പായി അരയ്ക്കുക. ഒരു പാത്രത്തിൽ ഇട്ട് നന്നായി യോജിപ്പിച്ചതിനു ശേഷം ഓരോ ഉരുളകളായി എടുത്ത് കട്ട്ലറ്റ് രൂപത്തിലാക്കി ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക . 



മത്തിക്കറി


ചേരുവകൾ: 
  • വൃത്തിയാക്കിയ മത്തി - അരക്കിലോ 
  • ഉള്ളി വട്ടത്തിൽ ചെറുതായി അരിഞ്ഞത്  - കാൽക്കപ്പ് 
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍ 
  • കുടമ്പുളി അഥവാ മീൻപുളി ചെറുതായി അരിഞ്ഞത് - അര ടേബിൾ സ്പൂണ്‍ 
  • കറിവേപ്പില - മൂന്നു തണ്ട് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍ 
  • മുളകുപൊടി - അര ടീ സ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • വെള്ളം - അരക്കപ്പ് 
പാകം ചെയ്യുന്ന വിധം:

മത്തിയും വെള്ളവും ഒഴികെയുള്ള ചേരുവകൾ ഒരു മണ്‍ചട്ടിയിലാക്കി കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.  അതിലേക്ക് മത്തിയും വെള്ളവും ചേർക്കുക. അടുപ്പിൽ വെച്ച് ചെറിയ തീയിൽ വെള്ളം വറ്റിച്ചു  വേവിച്ചെടുക്കുക. 

ഹൃദ്രോഗികൾക്ക് പറ്റിയ കറിയാണിത് .
Related Posts Plugin for WordPress, Blogger...