Showing posts with label nadan. Show all posts
Showing posts with label nadan. Show all posts

Monday, February 27, 2012

ചെമ്മീന്‍ പുട്ട്

ചെമ്മീന്‍ പുട്ട് 



ചേരുവകൾ:
  • വറുത്ത അരിപ്പൊടി - ഒരു കപ്പ്‌
  • തേങ്ങപ്പീര - ഒരു കപ്പ്‌  
  • ഉപ്പ് - പാകത്തിന് 
  • വെള്ളം - പൊടി നനക്കാന്‍ ആവശ്യത്തിന്
  • വൃത്തിയാക്കിയ ചെമ്മീന്‍ - അര കപ്പ്‌
  •  സവാള  - ഒരെണ്ണം  
  •  തക്കാളി   - ഒരെണ്ണം   
  • വെളുത്തുള്ളി - മൂന്നോ നാലോ അല്ലി
  • ഇഞ്ചി - ഒരിഞ്ചു നീളത്തില്‍ 
  • പച്ചമുളക് - ഒന്ന്
  •  മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍
  • മുളകുപൊടി - അര ടീസ്പൂണ്‍ 
  • ഗരം മസാല - അര ടീ സ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • മല്ലിയില -  
  • കറിവേപ്പില -  കുറച്ച് 
  • എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍ 
പാകം ചെയ്യുന്ന വിധം :

അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി.

സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക . ചൂടായ  എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്നവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം ചെമ്മീനും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് , മൂടി വെച്ച് വേവിക്കുക. ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക .  മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പ്പസമയം അടച്ചു വെക്കുക. 

ഇനി പുട്ടുകുറ്റിയില്‍ നനച്ചു വെച്ചിരിക്കുന്ന അരിപ്പൊടി ഇടുക. പുട്ടിനു പീര പോലെ എന്ന പ്രയോഗം മാറ്റി , പുട്ടിനു ചെമ്മീന്‍ പോലെ എന്നാക്കിക്കോളൂ... എന്നിട്ട് ആവി കേറ്റി എടുത്തോളൂ, വേറെ കറിയൊന്നും വേണ്ട ഈ പുട്ടിന്...! 

പി.എസ് : ഇത് ഓരോരുത്തരുടെയും മനോധര്‍മമനുസരിച്ച് പല വിഭവങ്ങള്‍ കൊണ്ടും പരീക്ഷിക്കാം. ഞാന്‍ സാധാരണയായി ചെമ്മീന്‍ , മുട്ട, ചിക്കന്‍ , പലതരം പച്ചക്കറികള്‍ , പപ്പടം അങ്ങിനെ പലരീതിയിലും ഉണ്ടാക്കാറുണ്ട് . 


Tuesday, April 19, 2011

ചോറുവിഭവങ്ങള്‍ - (2)

  1. ജീരക ചോറ് 

ആവശ്യമുള്ള സാധനങ്ങള്‍ : 
  • അരി - ഒരു കപ്പ്‌(ബസ്മതിയോ പച്ചരിയോ ഉപയോഗിക്കാം) 
  • വെള്ളം - രണ്ടു കപ്പ്‌ 
  • ജീരകം - രണ്ടു ടീസ്പൂണ്‍ 
  • ഏലക്ക - ഒരെണ്ണം 
  • കുരുമുളക് - പത്തെണ്ണം   
  • വഴനയില - രണ്ടെണ്ണം 
  • എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍  
  • ഉപ്പ്‌ - പാകത്തിന്    
പാകം ചെയ്യുന്ന വിധം: 

അരി പതിനഞ്ചു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.ശേഷം കഴുകി വാരി വെള്ളം തോരാന്‍ വെക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ യൊഴിക്കുക. ചൂടായ എണ്ണയില്‍ വഴനയില, ഏലക്ക,കുരുമുളക്,ജീരകം എന്നിവ യഥാക്രമം ചേര്‍ക്കുക.അതിലേക്കു അരി ചേര്‍ത്ത് ഒന്ന് വഴറ്റി വെള്ളവും ഉപ്പും ചേര്‍ക്കുക.പാത്രം അടച്ചു വെച്ച് വേവിക്കുക. ഏകദേശം ഒരു പത്തു മിനിറ്റ് മതിയാകും അരി വെന്തു കിട്ടാന്‍ പരിപ്പ് കറി, അച്ചാര്‍ , പപ്പടം എന്നിവ കൂട്ടി കഴിക്കാം.

 2.കിച്ചടി  

ആവശ്യമുള്ള സാധനങ്ങള്‍ :
  • അരി - രണ്ടു കപ്പ്‌
  • തുവരപ്പരിപ്പ് - ഒരു കപ്പ്‌ 
  • കരയാമ്പൂ - 4 എണ്ണം  
  • കറുവപ്പട്ട - ഒരിഞ്ചു നീളത്തില്‍ ഒരു കഷണം 
  • ഏലക്ക - 4  എണ്ണം 
  • സവാള - രണ്ടെണ്ണം  
  • തക്കാളി - നാലെണ്ണം 
  • പച്ചമുളക് - രണ്ടെണ്ണം 
  • മല്ലിയില - നാലോ അഞ്ചോ തണ്ട് 
  • പുതിനയില - 8 - 10  
  • കറിവേപ്പില - ഒരു തണ്ട്  
  • വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്പൂണ്‍  
  • ഇഞ്ചി അരച്ചത്‌ - ഒരു ടീസ്പൂണ്‍  
  • ഉപ്പ് - പാകത്തിന്  
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്  
  • വെള്ളം - 3 കപ്പ്‌ 
  • എണ്ണ - 3 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:  

പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചു വെക്കുക.  ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, കരയാമ്പൂ, ഏലക്ക എന്നിവ പൊട്ടിക്കുക. തുടര്‍ന്ന് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോള്‍ നെടുകെ നീളത്തില്‍ മുറിച്ച പച്ചമുളകും കറിവേപ്പിലയും പുതിനയിലയും കുറച്ചു മല്ലിയിലയും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. അതിലേക്കു അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റി,അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ഉപ്പും ചേര്‍ക്കുക. കഴുകി വച്ചിരിക്കുന്ന അരിയും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി വെള്ളവും വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേര്‍ത്ത് , ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക. ചൂടോടെ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് വിളമ്പുക.അരി വേവിക്കുമ്പോള്‍ ഒന്നോ രണ്ടോ കഷണം എല്ലോടു കൂടിയ ചിക്കന്‍  അല്ലെങ്കില്‍ മട്ടണ്‍ ചേര്‍ത്താല്‍ നല്ല രുചിയുണ്ടാവും ...! 
Related Posts Plugin for WordPress, Blogger...