Sunday, January 23, 2011

സ്നാക്ക്സ് വിഭവങ്ങള്‍


1. ഉരുളക്കിഴങ്ങ് ബോണ്ട
വേണ്ട സാധനങ്ങള്‍ :
  • വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് - രണ്ടെണ്ണം 
  • ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
  •  ചെറുതായി നുറുക്കിയ പച്ചമുളക് - ഒന്നോ രണ്ടോ (എരിവു അനുസരിച്ച് )
  • ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട് 
  • മുളകുപൊടി - 1/4 ടീസ്പൂണ്‍ 
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • ഗരംമസാലപ്പൊടി -  1/4 ടീസ്പൂണ്‍ 
  • കടലമാവ് - ഒരു കപ്പ്‌ 
  • ഉപ്പ് - ആവശ്യത്തിന്‌
  • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌ 
തയ്യാറാക്കുന്ന വിധം:
വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്ക് സവാള, പച്ചമുളക്,മല്ലിയില,അല്പം മുളകുപൊടി,ഗരംമസാലപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
മറ്റൊരു പാത്രത്തില്‍ കടലമാവ് , ഉപ്പ്, മഞ്ഞള്‍പ്പൊടി,അല്പം മുളകുപൊടി എന്നിവയെടുത്തു കുറച്ചു വെള്ളവും ചേര്‍ത്തു, കുഴമ്പു പരുവത്തില്‍ മിശ്രിതം(ബാറ്റര്‍ ) ഉണ്ടാക്കുക.
ഉരുളക്കിഴങ്ങ് മിശ്രിതത്തില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കിയെടുത്ത്, ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ടു ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക.
ചൂടോടെ ചട്നി കൂട്ടിയോ അല്ലാതെയോ വിളമ്പാവുന്നതാണ്.   


2 .ബ്രെഡ്‌ റോള്‍സ് 
വേണ്ട സാധനങ്ങള്‍ :
  • വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ,കാരറ്റ് - ഒരു കപ്പ്‌
  • വേവിച്ച പട്ടാണി പയര്‍ (ഗ്രീന്‍പീസ്) - കാല്‍ കപ്പ്‌
  • ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
  • ചെറുതായി നുറുക്കിയ പച്ചമുളക് - രണ്ടെണ്ണം
  • ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട്
  • മുളകുപൊടി - കാല്‍ ടീസ്പൂണ്‍
  • ഗരംമസാലപ്പൊടി - കാല്‍ ടീസ്പൂണ്‍ 
  • ഉപ്പ് - പാകത്തിന് 
  • ബ്രെഡ്‌ കഷണങ്ങള്‍ - 8 - 10 എണ്ണം 
  • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌ 
 തയ്യാറാക്കുന്ന വിധം:
ബ്രെഡ്‌ ഒഴിച്ചുള്ള ചേരുവകള്‍ എല്ലാം ഒന്നിച്ചാക്കി യോജിപ്പിക്കുക.
ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്തു , ഓരോ ബ്രെഡ്‌ കഷണങ്ങളും അതില്‍ മുക്കി നന്നായി പിഴിഞ്ഞെടുക്കുക. ബ്രെഡ് കുതിര്‍ന്ന് കിട്ടാന്‍ വേണ്ടിയാണു അങ്ങിനെ ചെയ്യുന്നത്.
ഓരോ സ്പൂണ്‍ ഉരുളക്കിഴങ്ങ് മിശ്രിതം എടുത്തു ഓരോ ബ്രെഡ്‌ കഷണത്തിലും വെച്ച് റോള്‍ ചെയ്തു എടുത്തു അരികുകള്‍ വിരലുകള്‍ കൊണ്ടമര്‍ത്തി ഒട്ടിക്കുക.
നല്ലവണ്ണം ചൂടായ എണ്ണയില്‍ റോളുകള്‍ ഇട്ടു തീ അല്പം കുറച്ചു വച്ചു വറുത്തെടുക്കുക.
ചൂടോടെ ചട്നി, സോസ് എന്നിവ കൂട്ടി കഴിക്കാവുന്നതാണ്.

കുറിപ്പ്: ഉരുളക്കിഴങ്ങ് മിശ്രിതത്തിനു പകരം,ചിക്കന്‍,ബീഫ്,ചെമ്മീന്‍ തുടങ്ങി  അധികം വന്ന മെഴുക്കുപുരട്ടിയും തോരനും വരെ ഇതില്‍ ഫി‌ല്ലിങ്ങായി  ഉപയോഗിക്കാവുന്നതാണ്.

Saturday, November 20, 2010

മിക്സഡ്‌ ഫ്രൈഡ് റൈസും ചില്ലി ചിക്കനും

മിക്സഡ്‌ ഫ്രൈഡ് റൈസ്


ആവശ്യമുള്ള സാധനങ്ങള്‍

1 . ബസ്മതി അരി - 4 കപ്പ്‌
2 . ബോണ്‍ലെസ്സ് ചിക്കന്‍ - അര കപ്പ്‌
3 . കൊഞ്ച് (ചെമ്മീന്‍ ) - അര കപ്പ്‌
4 . മുട്ട - രണ്ടെണ്ണം
5 . കാരറ്റ് നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
6 . ബീന്‍സ്‌ നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
7 . സെലറി നീളത്തില്‍ അരിഞ്ഞത് - അര കപ്പ്‌
8 . സോയ സോസ് - ഒരു വലിയ സ്പൂണ്‍
9 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒന്നര ക്യൂബ്
10 . ഉപ്പ് - ആവശ്യത്തിന്
11 . കുരുമുളക് പൊടി - ഒന്നര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരി കഴുകി പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചു വാര്‍ത്തു വെക്കുക.ചിക്കന്‍ ഒരിഞ്ചു നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ചു,ഉപ്പും കുരുമുളക് പൊടിയും മിക്സ്‌ ചെയ്തു ഫ്രൈ ചെയ്തു വെക്കുക. കൊഞ്ചും കഴുകി വൃത്തിയാക്കി ഉപ്പും കുരുമുളക് പൊടിയും പുരട്ടി വറുത്തെടുക്കുക. മുട്ടയും ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഉടച്ചു വറുത്തെടുക്കുക.കാരറ്റ്, ബീന്‍സ്‌ എന്നിവയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചു വെക്കുക.

ഒരു വലിയ പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍,സോയ സോസും ടേസ്റ്റ് മേക്കര്‍ പൊടിച്ചതും ചേര്‍ക്കുക.സ്റ്റവ്‌ ഓഫ്‌ ചെയ്യുക.   അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറ് കുറേശ്ശെ ഇട്ടു മിക്സ്‌ ചെയ്യുക.(തണുത്ത ചോറാണ് മിക്സ്‌ ചെയ്യാന്‍ നല്ലത്).ഇടയ്ക്കിടെ വറുത്തു വച്ചിരിക്കുന്ന , ചിക്കന്‍, കൊഞ്ച്,മുട്ട, പച്ചക്കറികള്‍ എന്നിവയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.സ്റ്റവില്‍ നിന്നും ഇറക്കി വെക്കുക.അരിഞ്ഞു വച്ചിരിക്കുന്ന സെലറി മീതെ തൂവുക.

കുറിപ്പ് - സോയ സോസിലും ടേസ്റ്റ് മേക്കറിലും ഉപ്പുള്ളതിനാല്‍, മറ്റുള്ളവയില്‍ വളരെ കുറച്ചു ഉപ്പ് ചേര്‍ത്താല്‍ മതി.


ചില്ലി ചിക്കന്‍

ആവശ്യമുള്ള സാധനങ്ങള്‍

1 . ബോണ്‍ലെസ്സ് ചിക്കന്‍ ചെറിയ ക്യുബുകള്‍ ആയി മുറിച്ചത് - അരക്കിലോ
2 . സവാള  - രണ്ടെണ്ണം (ക്യുബ് ആയി മുറിക്കുക)
3 . ക്യാപ്സിക്കം (ഗ്രീന്‍ പെപ്പെര്‍)  - ഒരെണ്ണം (ക്യുബ് ആയി മുറിക്കുക)
4 . രണ്ടിഞ്ചു നീളത്തില്‍  ഇഞ്ചി -  നീളത്തില്‍ നേരിയതായി അരിഞ്ഞത്
5 . വെളുത്തുള്ളി  - അഞ്ചോ ആറോ (നീളത്തില്‍ നേരിയതായി അരിയുക)
6 . സെലറി - രണ്ടു മൂന്നു തണ്ട് (ഒരിഞ്ചു നീളത്തില്‍ മുറിച്ചു വെക്കുക)
7 . പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - നാലോ അഞ്ചോ എണ്ണം
8 . ചിക്കന്‍ ടേസ്റ്റ് മേക്കര്‍ - ഒരു ക്യുബ്
9 . ചിക്കന്‍ ബ്രോത് - ഒരു കപ്പ്‌
10 . സോയ സോസ് - രണ്ടു ടേബിള്‍ സ്പൂണ്‍
11 . ചില്ലി സോസ്, കെച്ചപ്പ് - ഓരോ ടേബിള്‍ സ്പൂണ്‍ വീതം
12 . എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
13 . ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍ - കോണ്‍ഫ്ലോര്‍ അര കപ്പ്‌, സോയ സോസ് അര സ്പൂണ്‍, ഒരു മുട്ട,അല്പം ഉപ്പ്  - ഇവയെല്ലാം കൂടെ നന്നായി യോജിപ്പിച്ച് ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടെ ചേര്‍ത്ത് ബാറ്റെര്‍ ഉണ്ടാക്കി ചിക്കന്‍ അതില്‍ മിക്സ്‌ ചെയ്തു കുറഞ്ഞത്‌ അര മണിക്കൂര്‍ എങ്കിലും മാരിനേറ്റു ചെയ്യാന്‍ വെക്കുക   
പാകം ചെയ്യുന്ന വിധം

 പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക.ചൂടായ എണ്ണയില്‍ മാരിനേറ്റു ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന  ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവയും വറുത്തു കോരിയെടുക്കുക.ഇതേ എണ്ണയില്‍ തന്നെ സവാള വഴറ്റുക.വഴന്നു വരുമ്പോള്‍ കാപ്സിക്കം ചേര്‍ത്ത് ഒന്നുകൂടെ വഴറ്റി,ടേസ്റ്റ് മേക്കര്‍ ചേര്‍ക്കുക.എരിവു വേണമെന്നുണ്ടെങ്കില്‍ അല്പം മുളകുപൊടിയും ചേര്‍ക്കാവുന്നതാണ്.എന്നാല്‍ മുളക്  നന്നായി വഴറ്റണം .അതിലേക്കു സോസുകളും വറുത്തു വച്ചിരിക്കുന്ന ചിക്കനും ഇഞ്ചിയും മറ്റും ചേര്‍ത്ത്,ആവശ്യത്തിന് ചിക്കന്‍ ബ്രോതും ചേര്‍ത്ത് നന്നായി തിളപ്പിച്ച്‌ കുഴഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി അരിഞ്ഞു വച്ചിരിക്കുന്ന സെലറി തൂവി അലങ്കരിക്കുക.
(ഡ്രൈ ആയ ചില്ലി ചിക്കന്‍ ആണ് വേണ്ടതെങ്കില്‍ ബ്രോത് ചേര്‍ക്കേണ്ട. നന്നായി വരട്ടി എടുത്താല്‍ മതി)

(ഭൂലോകത്തിലെ കൂട്ടുകാരിയായ മായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഈ പാചകക്കുറിപ്പ് , ബൂലോകത്തിലെ കൂട്ടുകാരോടും പങ്കുവെക്കുന്നു.)
Related Posts Plugin for WordPress, Blogger...