Tuesday, April 19, 2011

ചോറുവിഭവങ്ങള്‍ - (2)

  1. ജീരക ചോറ് 

ആവശ്യമുള്ള സാധനങ്ങള്‍ : 
  • അരി - ഒരു കപ്പ്‌(ബസ്മതിയോ പച്ചരിയോ ഉപയോഗിക്കാം) 
  • വെള്ളം - രണ്ടു കപ്പ്‌ 
  • ജീരകം - രണ്ടു ടീസ്പൂണ്‍ 
  • ഏലക്ക - ഒരെണ്ണം 
  • കുരുമുളക് - പത്തെണ്ണം   
  • വഴനയില - രണ്ടെണ്ണം 
  • എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍  
  • ഉപ്പ്‌ - പാകത്തിന്    
പാകം ചെയ്യുന്ന വിധം: 

അരി പതിനഞ്ചു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.ശേഷം കഴുകി വാരി വെള്ളം തോരാന്‍ വെക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ യൊഴിക്കുക. ചൂടായ എണ്ണയില്‍ വഴനയില, ഏലക്ക,കുരുമുളക്,ജീരകം എന്നിവ യഥാക്രമം ചേര്‍ക്കുക.അതിലേക്കു അരി ചേര്‍ത്ത് ഒന്ന് വഴറ്റി വെള്ളവും ഉപ്പും ചേര്‍ക്കുക.പാത്രം അടച്ചു വെച്ച് വേവിക്കുക. ഏകദേശം ഒരു പത്തു മിനിറ്റ് മതിയാകും അരി വെന്തു കിട്ടാന്‍ പരിപ്പ് കറി, അച്ചാര്‍ , പപ്പടം എന്നിവ കൂട്ടി കഴിക്കാം.

 2.കിച്ചടി  

ആവശ്യമുള്ള സാധനങ്ങള്‍ :
  • അരി - രണ്ടു കപ്പ്‌
  • തുവരപ്പരിപ്പ് - ഒരു കപ്പ്‌ 
  • കരയാമ്പൂ - 4 എണ്ണം  
  • കറുവപ്പട്ട - ഒരിഞ്ചു നീളത്തില്‍ ഒരു കഷണം 
  • ഏലക്ക - 4  എണ്ണം 
  • സവാള - രണ്ടെണ്ണം  
  • തക്കാളി - നാലെണ്ണം 
  • പച്ചമുളക് - രണ്ടെണ്ണം 
  • മല്ലിയില - നാലോ അഞ്ചോ തണ്ട് 
  • പുതിനയില - 8 - 10  
  • കറിവേപ്പില - ഒരു തണ്ട്  
  • വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്പൂണ്‍  
  • ഇഞ്ചി അരച്ചത്‌ - ഒരു ടീസ്പൂണ്‍  
  • ഉപ്പ് - പാകത്തിന്  
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്  
  • വെള്ളം - 3 കപ്പ്‌ 
  • എണ്ണ - 3 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:  

പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചു വെക്കുക.  ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, കരയാമ്പൂ, ഏലക്ക എന്നിവ പൊട്ടിക്കുക. തുടര്‍ന്ന് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോള്‍ നെടുകെ നീളത്തില്‍ മുറിച്ച പച്ചമുളകും കറിവേപ്പിലയും പുതിനയിലയും കുറച്ചു മല്ലിയിലയും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. അതിലേക്കു അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റി,അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ഉപ്പും ചേര്‍ക്കുക. കഴുകി വച്ചിരിക്കുന്ന അരിയും ചേര്‍ത്ത് ഒന്ന് കൂടി വഴറ്റി വെള്ളവും വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേര്‍ത്ത് , ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക. ചൂടോടെ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് വിളമ്പുക.അരി വേവിക്കുമ്പോള്‍ ഒന്നോ രണ്ടോ കഷണം എല്ലോടു കൂടിയ ചിക്കന്‍  അല്ലെങ്കില്‍ മട്ടണ്‍ ചേര്‍ത്താല്‍ നല്ല രുചിയുണ്ടാവും ...! 

Friday, February 18, 2011

ചോറ് വിവിധ രുചിയിലും എളുപ്പത്തിലും

1.   തേങ്ങാ സാദം 

ആവശ്യമുള്ളവ:
 
  • പച്ചരി/ബസ്മതി അരി   - 2 കപ്പ്‌
  • തേങ്ങ ചിരകിയത്  - അര കപ്പ്‌
  • നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
  • ഉഴുന്നുപരിപ്പ് - അര ടീസ്പൂണ്‍
  • കടുക് - കാല്‍ ടീസ്പൂണ്‍
  • ഉണക്കമുളക് - രണ്ടെണ്ണം
  • കറിവേപ്പില - ഒരു തണ്ട്
  • ഉപ്പ് - പാകത്തിന്
  • കായപ്പൊടി - രണ്ടു നുള്ള്

തയ്യാറാക്കുന്ന വിധം: 

 അരി പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ചു വെക്കുക. ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിക്കുക. കടുക്, ഉഴുന്ന്, ഉണക്കമുളക്, കറിവേപ്പില, കായപ്പൊടി എന്നിവ യഥാക്രമം വഴറ്റുക. അതിലേക്കു തേങ്ങ ചേര്‍ത്ത് നിറം പോകാതെ വറുക്കുക.  വേവിച്ചു വച്ചിരിക്കുന്ന ചോറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങുക. ചൂടോടെ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.

      പിന്കുറിപ്പ് : വറുത്ത നിലക്കടല,കശുവണ്ടി, ഗ്രീന്‍പീസ് തുടങ്ങിയവയും ചേര്‍ക്കാവുന്നതാണ്.


    2 .തൈര് സാദം




    ആവശ്യമുള്ളവ:

    • വേവിച്ച ചോറ്  - 2 കപ്പ്‌  
    • അധികം പുളിക്കാത്ത തൈര് - ഒരു കപ്പ്‌
    • പാല്‍ - കാല്‍ കപ്പ്‌
    • പച്ചമുളക് -രണ്ടെണ്ണം(ചെറുതായി വട്ടത്തില്‍ അരിഞ്ഞെടുക്കുക)
    • ചെറിയ ഉള്ളി - മൂന്നോ നാലോ (ചെറുതായി അരിഞ്ഞെടുക്കുക) 
    • ഇഞ്ചി - ഒരു ചെറിയ കഷണം (ചെറുതായി കൊത്തിയരിയുക)
    • കടലപ്പരിപ്പ് - ഒരു ടീസ്പൂണ്‍ 
    • ഉഴുന്ന് - ഒരു ടീസ്പൂണ്‍ 
    • കടുക് - അര ടീസ്പൂണ്‍ 
    • കറിവേപ്പില - ഒരു തണ്ട് 
    • ഉപ്പ് - പാകത്തിന് 
    • എണ്ണ - 2 ടേബിള്‍സ്പൂണ്‍
      തയ്യാറാക്കുന്ന വിധം:


      ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക്, ഉഴുന്ന്, കടലപ്പരിപ്പ് , ഉണക്കമുളക്, കറിവേപ്പില എന്നിവ യഥാക്രമം വറുക്കുക. അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അടുപ്പത്ത്‌ നിന്നും ഇറക്കി വച്ചതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും, തൈരും പാലും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടെയോ തണുപ്പിച്ചോ അച്ചാര്‍ , പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.
                                                                                                                                                           

        Sunday, January 23, 2011

        സ്നാക്ക്സ് വിഭവങ്ങള്‍


        1. ഉരുളക്കിഴങ്ങ് ബോണ്ട
        വേണ്ട സാധനങ്ങള്‍ :
        • വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് - രണ്ടെണ്ണം 
        • ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
        •  ചെറുതായി നുറുക്കിയ പച്ചമുളക് - ഒന്നോ രണ്ടോ (എരിവു അനുസരിച്ച് )
        • ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട് 
        • മുളകുപൊടി - 1/4 ടീസ്പൂണ്‍ 
        • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
        • ഗരംമസാലപ്പൊടി -  1/4 ടീസ്പൂണ്‍ 
        • കടലമാവ് - ഒരു കപ്പ്‌ 
        • ഉപ്പ് - ആവശ്യത്തിന്‌
        • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌ 
        തയ്യാറാക്കുന്ന വിധം:
        വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങിലേക്ക് സവാള, പച്ചമുളക്,മല്ലിയില,അല്പം മുളകുപൊടി,ഗരംമസാലപ്പൊടി,ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
        മറ്റൊരു പാത്രത്തില്‍ കടലമാവ് , ഉപ്പ്, മഞ്ഞള്‍പ്പൊടി,അല്പം മുളകുപൊടി എന്നിവയെടുത്തു കുറച്ചു വെള്ളവും ചേര്‍ത്തു, കുഴമ്പു പരുവത്തില്‍ മിശ്രിതം(ബാറ്റര്‍ ) ഉണ്ടാക്കുക.
        ഉരുളക്കിഴങ്ങ് മിശ്രിതത്തില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കിയെടുത്ത്, ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ടു ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരിയെടുക്കുക.
        ചൂടോടെ ചട്നി കൂട്ടിയോ അല്ലാതെയോ വിളമ്പാവുന്നതാണ്.   


        2 .ബ്രെഡ്‌ റോള്‍സ് 
        വേണ്ട സാധനങ്ങള്‍ :
        • വേവിച്ചു ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ,കാരറ്റ് - ഒരു കപ്പ്‌
        • വേവിച്ച പട്ടാണി പയര്‍ (ഗ്രീന്‍പീസ്) - കാല്‍ കപ്പ്‌
        • ചെറുതായി നുറുക്കിയ സവാള - ഒരെണ്ണം
        • ചെറുതായി നുറുക്കിയ പച്ചമുളക് - രണ്ടെണ്ണം
        • ചെറുതായി നുറുക്കിയ മല്ലിയില - രണ്ടോ മൂന്നോ തണ്ട്
        • മുളകുപൊടി - കാല്‍ ടീസ്പൂണ്‍
        • ഗരംമസാലപ്പൊടി - കാല്‍ ടീസ്പൂണ്‍ 
        • ഉപ്പ് - പാകത്തിന് 
        • ബ്രെഡ്‌ കഷണങ്ങള്‍ - 8 - 10 എണ്ണം 
        • എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌ 
         തയ്യാറാക്കുന്ന വിധം:
        ബ്രെഡ്‌ ഒഴിച്ചുള്ള ചേരുവകള്‍ എല്ലാം ഒന്നിച്ചാക്കി യോജിപ്പിക്കുക.
        ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്തു , ഓരോ ബ്രെഡ്‌ കഷണങ്ങളും അതില്‍ മുക്കി നന്നായി പിഴിഞ്ഞെടുക്കുക. ബ്രെഡ് കുതിര്‍ന്ന് കിട്ടാന്‍ വേണ്ടിയാണു അങ്ങിനെ ചെയ്യുന്നത്.
        ഓരോ സ്പൂണ്‍ ഉരുളക്കിഴങ്ങ് മിശ്രിതം എടുത്തു ഓരോ ബ്രെഡ്‌ കഷണത്തിലും വെച്ച് റോള്‍ ചെയ്തു എടുത്തു അരികുകള്‍ വിരലുകള്‍ കൊണ്ടമര്‍ത്തി ഒട്ടിക്കുക.
        നല്ലവണ്ണം ചൂടായ എണ്ണയില്‍ റോളുകള്‍ ഇട്ടു തീ അല്പം കുറച്ചു വച്ചു വറുത്തെടുക്കുക.
        ചൂടോടെ ചട്നി, സോസ് എന്നിവ കൂട്ടി കഴിക്കാവുന്നതാണ്.

        കുറിപ്പ്: ഉരുളക്കിഴങ്ങ് മിശ്രിതത്തിനു പകരം,ചിക്കന്‍,ബീഫ്,ചെമ്മീന്‍ തുടങ്ങി  അധികം വന്ന മെഴുക്കുപുരട്ടിയും തോരനും വരെ ഇതില്‍ ഫി‌ല്ലിങ്ങായി  ഉപയോഗിക്കാവുന്നതാണ്.
        Related Posts Plugin for WordPress, Blogger...